
ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള നിയമം ( POSH ) രാഷ്ട്രീയ പാർട്ടികളിലും ബാധകമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. 2013-ലെ വിശാഖ V/S സ്റ്റേറ്റ് ഓഫ് രാജസ്ഥാനിലെ സുപ്രീം കോടതി വിധിയിലെ നിർദ്ദേശങ്ങൾക്കനുസൃതമായി ഒരു പരാതി പരിഹാര സംവിധാനം രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ ആർട്ടിക്കിള്‍ 14,15,19,21 എന്നിവ ലംഘിച്ച്, സ്ത്രീ രാഷ്ട്രീയ പ്രവർത്തകരെ പോഷിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകയായ യോഗമായ എംജിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
നിലവിലെ സ്ഥിതി അനുസരിച്ച്, സിപിഐ(എം), എഎപി, ബിജെപി, കോൺഗ്രസ്, ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് തുടങ്ങിയ ചില രാഷ്ട്രീയ പാർട്ടികൾ ആഭ്യന്തര കമ്മിറ്റികൾ ("ഐസി") രൂപീകരിച്ചിട്ടുണ്ടെങ്കിലും, പോഷ് നിയമപ്രകാരമുള്ള പരാതികൾ കൈകാര്യം ചെയ്യാൻ അവ ബാധ്യസ്ഥമാണെന്നും ഹർജിയിൽ പറയുന്നു. ഉദാഹരണത്തിന്, ആം ആദ്മി പാർട്ടിയുടെ ഐസിയിലെ കമ്മിറ്റി അംഗങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് അറിവില്ല . അതേസമയം, ബിജെപിക്ക് ഐസി അപര്യാപ്തമാണ്. ലഭിക്കുന്ന പരാതികള്‍ പലപ്പോഴും അച്ചടക്ക സമിതികളിലേക്കോ, സംസ്ഥാനതല ഓഫീസുകളിലേക്കോ റഫർ ചെയ്യുകയാണ് ചെയ്യുന്നത്.
ബിജെപി, കോൺഗ്രസ്, എഐടിസി, സിപിഐ(എം), സിപിഐ, എൻസിപി, എഎപി, എൻപിപി, ബിഎസ്പി എന്നീ പാർട്ടികളെയാണ് ഹർജിയിൽ പ്രതി ചേർത്തിരിക്കുന്നത്. ഇന്ത്യൻ യൂണിയനും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് മറ്റ് പ്രതികൾ.
2024 ല്‍ സമാനമായ ഹർജി നല്‍കിയിരുന്നുവെന്നും എന്നാൽ അത് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിവേദനം നൽകാനുള്ള നിർദേശങ്ങളോടെ തീർപ്പാക്കിയെന്നും, പിന്നീട് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ഹർജിക്കാരി പറഞ്ഞു. എന്നിരുന്നാലും, 2024 ഡിസംബർ 3-ലെ ഉത്തരവോടെ, POSH ആക്ടിന്റെ നടത്തിപ്പിനായി സുപ്രീം കോടതി വിപുലമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും, എല്ലാ തലങ്ങളിലും അതിന്‍റെ നടത്തിപ്പ് പതിവായി നിരീക്ഷിക്കുകയും ചെയ്യുന്നു.