

സാൻ ജുവാൻ: പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75ാമത് മിസ് യൂണിവേഴ്സ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയ മലയാളി മോഡൽ കസിയ ലിസ് മെജോയുടെ വേഷം ലോകശ്രദ്ധ നേടുന്നു. നാഷണൽ കോസ്റ്റ്യൂം റൗണ്ടിലൂടെ സ്വന്തം നാടായ കേരളത്തിൻ്റെ സാംസ്കാരിക പൈതൃകത്തിന് ആദരമർപ്പിച്ച് കൊണ്ടുള്ള വേഷത്തിലാണ് കസിയ വേദിയിലെത്തിയത്.
പ്രമുഖ ഫാഷൻ ലേബലായ 'ഹൗസ് ഓഫ് സിദ്ധാന്തി'ൻ്റെ സിദ്ധാന്താണ് വസ്ത്രം രൂപകല്‍പന ചെയ്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തുണിത്തരങ്ങൾ ഉപയോഗിച്ചാണ് വസ്ത്രം തയ്യാറാക്കിയിരിക്കുന്നത്. ഇത് രാജ്യത്തിന്‍റെ വൈവിധ്യം, കരകൗശല വൈദഗ്ദ്ധ്യം, നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്ത്ര പാരമ്പര്യം എന്നിവയെ സൂചിപ്പിക്കുന്നു. ഓരോ തുണിത്തരവും അതിന്‍റേതായ വ്യക്തിത്വം, ഘടന, ചരിത്രം എന്നിവ ചേർത്ത് ഇന്ത്യയുടെ സാംസ്കാരിക സമ്പന്നതയെ അടയാളപ്പെടുത്തുന്നുണ്ട്.
ഇന്ത്യൻ പാരമ്പര്യത്തോടൊപ്പം മത്സരവേദിയായ പ്യൂർട്ടോ റിക്കോയുടെ ഊർജം ഉൾക്കൊണ്ടാണ് വസ്ത്രത്തിന് നിറങ്ങൾ നൽകിയിരിക്കുന്നത്. കേരളത്തിന്‍റെ പ്രകൃതി സൗന്ദര്യം, വാസ്തുവിദ്യാ പൈതൃകം, സാംസ്കാരിക സ്വത്വം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വസ്ത്രത്തിൻ്റെ പശ്ചാത്തല അലങ്കാരം നിർമിച്ചിരിക്കുന്നത്.
ഇന്ത്യൻ പാരമ്പര്യത്തെയും ലാറ്റിൻ അമേരിക്കൻ വർണങ്ങളെയും ഒരേപോലെ കോർത്തിണക്കിയ ഈ വസ്ത്രം, കലാപരമായ ആവിഷ്കാരത്തിന്‍റെയും സാംസ്കാരിക അഭിമാനത്തിന്‍റെയും പ്രതീകമാണെന്ന് മിസ് യൂണിവേഴ്‌സ് ഇന്ത്യ സംഘടന ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ വ്യക്തമാക്കി. നവംബർ 24ന് മിസ് യൂണിവേഴ്സ് ഗ്രാൻ്റ് ഫിനാലെ നടക്കും. നിയമ വിദ്യാർഥിയും മോഡലുമായ കസിയ അബുദാബിയിലാണ് ജനിച്ചത്. കേരളത്തിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ കരിപ്പുഴയിലാണ് ഇവരുടെ മാതാപിതാക്കാളുടെ സ്വദേശം.