

ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ട് കത്ത് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ സ്പീക്കർ ഓം ബിർളയാണ് ചൊവ്വാഴ്ച താരിഖ് റഹ്മാനെ കാണുകയും ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊഷ്മളമായ കത്ത് കൈമാറുകയും ചെയ്തത്. കൂടാതെ, ബിർള ഫോണിൽ റഹ്മാനുമായി സംസാരിക്കുകയും പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
"ബംഗ്ലാദേശിൽ ഇപ്പോൾ സമാപിച്ച പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ വിജയത്തിനും ബംഗ്ലാദേശിൻ്റെ അടുത്ത പ്രധാനമന്ത്രിയായി നിയമിതനായതിനും ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു" എന്നായിരുന്നു മോദിയുടെ കത്ത്.റഹ്മാൻ, ഭാര്യ ഡോ. സുബൈദ, മകൾ സൈമ എന്നിവരെ സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദർശിക്കുവാനും കത്തിലൂടെ ക്ഷണിക്കുന്നുണ്ട്.
റഹ്മാന്റെ നേതൃത്വം രാജ്യത്തെ സമാധാനത്തിൻ്റെയും സ്ഥിരതയുടെയും സമൃദ്ധിയുടെയും പാതയിലേക്ക് നയിക്കുന്നതോടൊപ്പം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം, പങ്കിട്ട ചരിത്രം, സാംസ്കാരിക ബന്ധങ്ങൾ എന്നിവ വീണ്ടും ഉറപ്പിക്കാനാകുമെന്നും പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ, റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിരുന്നുവെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൻ്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി ക്ഷണം നിരസിക്കുകയായിരുന്നു. മോദിയ്ക്ക് പകരം ലോക്‌സഭാ സ്പീക്കർ ഓം ബിർള സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യാ സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.