
ന്യൂഡല്‍ഹി: അഹമ്മാദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ക്യാപ്റ്റനെ കുറ്റപ്പെടുത്തിയ യുഎസ് മാധ്യമ റിപ്പോര്‍ട്ട് സ്ഥിരീകരിക്കാതെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വസിറ്റിഗേഷന്‍ ബ്യൂറോ (AAIB) സ്ഥിരീകരിക്കാത്തതും നിരുത്തരവാദിത്തവുമായ റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് എഎഐബി വ്യക്തമാക്കി.
അപകടത്തെ കുറിച്ച് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തത ലഭിക്കുകയുള്ളൂ. അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് ഒരു നിഗമനത്തില്‍ എത്താന്‍ കഴിയില്ല. ഇന്ത്യന്‍ എയര്‍ലൈന്‍സുകളുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടാക്കാന്‍ മാത്രമേ റിപ്പോര്‍ട്ട് സഹായിക്കുകയുള്ളൂവെന്നും എഎഐബി വിമര്‍ശിച്ചു.
ഇന്ധന സ്വിച്ച് ഓഫ് ചെയ്തത് സീനിയര്‍ പൈലറ്റ് സുമീത് സബര്‍വാള്‍ എന്ന സംശയമാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാക്ക് ബോക്‌സില്‍ റെക്കോര്‍ഡ് ചെയ്ത പൈലറ്റുമാരുടെ സംഭാഷണത്തെ അടിസ്ഥാനമാക്കിയാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിലുള്ളത്.
അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ നിരുത്തരവാദിത്തപരമാണെന്നും അന്വേഷണത്തെ ദുര്‍ബലപ്പെടുന്ന തരത്തില്‍ അപകടകരമായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും എഎഐബി വ്യക്തമാക്കി. അന്തിമ റിപ്പോര്‍ട്ട് പുറത്തു വരുന്നതു വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടു.
വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടകാരണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഒരു കാരണവശാലും തനിയെ റണ്‍ മോഡില്‍ നിന്ന് ഓഫ് മോഡിലേക്ക് മാറില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ അപകടത്തിന് പിന്നില്‍ പൈലറ്റുമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നു. പൈലറ്റ് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന വാദം തള്ളി ഇന്ത്യന്‍ കൊമേഷ്യന്‍ പൈലറ്റ്സ് അസോസിയേഷന്‍ (ഐസിപിഎ) രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് വന്നത്.