'നമ്മള്‍ ഒരുമിച്ച് വിജയിച്ചിരിക്കുന്നു'; 10 മിനുട്ട് ഡെലിവറി ഒഴിവാക്കിയതില്‍ പ്രതികരിച്ച് ആംആദ്മി നേതാവ്

'നമ്മള്‍ ഒരുമിച്ച് വിജയിച്ചിരിക്കുന്നു'; 10 മിനുട്ട് ഡെലിവറി ഒഴിവാക്കിയതില്‍ പ്രതികരിച്ച് ആംആദ്മി നേതാവ്
Published on
Updated on

പത്ത് മിനുട്ട് ഡെലിവറി വേണ്ടെന്ന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍ ഇ കൊമേഴ്‌സ് പ്ലാറ്റ് ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി രാജ്യസഭാ എംപിയും ആംആദ്മി പാര്‍ട്ടി നേതാവുമായ രാഘവ് ചദ്ദ. ഇത് സംഘടിത വിജയമാണെന്നും സത്യമേവ ജയതേ എന്നും കേന്ദ്രത്തിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് രാഘവ് ചദ്ദ എക്‌സില്‍ കുറിച്ചു.

'സത്യമേവ ജയതേ, ഒരുമിച്ച്, നമ്മള്‍ വിജയിച്ചിരിക്കുന്നു... ക്വിക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് 10 മിനുട്ട് ഡെലിവറി ഒഴിവാക്കിയതില്‍ കേന്ദ്രത്തിനോട് ഏറെ നന്ദിയുണ്ട്. ഇത് അത്യാവശ്യമായി ചെയ്യേണ്ട കാര്യം തന്നെയായിരുന്നു. റൈഡര്‍മാരുടെ ജാക്കറ്റിലും ടീഷര്‍ട്ടിലും '10 മിനുട്ട്' എന്ന് പ്രിന്റ് ചെയ്തിരിക്കുക കൂടി ചെയ്യുമ്പോള്‍ അവര്‍ നേരിടുന്ന സമ്മര്‍ദം ഏറെ വലുതാണ്. അത് അപകടകരവുമാണ്. ഈ നീക്കം എല്ലാ ഡെലിവറി റൈഡര്‍മാരുടെയും റോഡിലിറങ്ങുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതാണ്,' രാഘവ് ചദ്ദ കുറിച്ചു.

'നമ്മള്‍ ഒരുമിച്ച് വിജയിച്ചിരിക്കുന്നു'; 10 മിനുട്ട് ഡെലിവറി ഒഴിവാക്കിയതില്‍ പ്രതികരിച്ച് ആംആദ്മി നേതാവ്
ജീവനക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന; പത്ത് മിനുട്ട് ഡെലിവറി വേണ്ടെന്ന് കേന്ദ്രം

കഴിഞ്ഞ കുറച്ചു കാലമായി താന്‍ നൂറുകണക്കിന് ഡെലിവറി പാര്‍ട്ണര്‍മാരുമായി സംസാരിച്ചെന്നും പലരും കൂടുതല്‍ പണിയെടുക്കുകയും കുറഞ്ഞ പണം വാങ്ങുകയും ചെയ്യുന്നവരാണ്. ഈ പോരാട്ടത്തില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. ഓരോ ഗിഗ് തൊഴിലാളികളോടുമാണ്, നിങ്ങള്‍ ഒറ്റയ്ക്കല്ലെന്നും എല്ലാവരും കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരവധി ഗിഗ് വര്‍ക്കര്‍മാരുമായി സംവദിക്കുന്നതിന്റെയും, അവര്‍ക്കൊപ്പം യാത്ര ചെയ്തതിന്റെയും വീഡിയോകള്‍ രാഘവ് ചദ്ദ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ച്ചിരുന്നു.

കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡ്യവയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ഡെലിവെറി പാര്‍ട്ടനര്‍മാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും മന്ത്രാലയം പ്ലാറ്റ്ഫോമുകളോട് അറിയിച്ചു.

'10 മിനിറ്റിനുള്ളില്‍ 10,000-ത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഡെലിവറി ചെയ്യുന്നു' എന്നതില്‍ നിന്ന് '30,000-ത്തിലധികം ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എത്തിച്ചു' എന്ന് ബ്ലിങ്കിറ്റ് അടുത്തിടെ ടാഗ് ലൈന്‍ പരിഷ്‌കരിച്ചിരുന്നു.

പത്ത് മിനിട്ടുനുള്ളില്‍ ഡെലിവറി എന്ന വാഗ്ദാനം ഏറെ നാളായി ചര്‍ച്ചാ വിഷയമാണ്. ജീവനക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്നതാണെന്നാണ് പൊതുവിലുള്ള വിമര്‍ശനം.

ഡിസംബര്‍ 25 ന്, മെച്ചപ്പെട്ട വേതനവും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഗിഗ് വര്‍ക്കര്‍മാരുടെ യൂണിയനുകള്‍ പ്രതിഷേധം നടത്തിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡിസംബര്‍ 31 ന് രാജ്യവ്യാപകമായി പണിമുടക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

ഏകപക്ഷീയമായ സമയാധിഷ്ഠിത ഡെലിവറി ലക്ഷ്യങ്ങള്‍ ഉപേക്ഷിക്കുക എന്നതും തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സ്വിഗ്ഗിയും സൊമാറ്റോയും ഡെലിവറിക്കുള്ള ഇന്‍സെന്റീവുകള്‍ വര്‍ധിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com