"ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം"; പൂക്കളും പുസ്തകങ്ങളും ദേശീയ പതാകകളുമായി ജന്തർമന്തറിൽ സിജെപി പ്രതിഷേധം

പാറ്റകൾ വരുന്നു, ധർമ്മേന്ദ്ര പ്രധാൻ പോവുന്നു എന്ന മുദ്രാവാക്യമാണ് ഇപ്പോൾ ജന്തർമന്തറിൽ മുഴങ്ങുന്നത്
"ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം"; പൂക്കളും പുസ്തകങ്ങളും ദേശീയ പതാകകളുമായി ജന്തർമന്തറിൽ സിജെപി പ്രതിഷേധം
Published on
Updated on

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം തലസ്ഥാനത്ത് ആരംഭിച്ചു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സ്ഥാപക പ്രസിഡന്റ് അഭിജീത് ദിപ്കെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം തുടരുകയാണ്. വിവിധയിടങ്ങളിൽ നിന്നായി ആയിരത്തിൽ അധികംപേർ ജന്തർമന്തറിലെ സമരത്തിൽ അണിചേർന്നിട്ടുണ്ട്. പൂക്കളും പുസ്തകങ്ങളും ദേശീയ പതാകകളുമായാണ് പാറ്റകൾ പ്രതിഷേധത്തിനായി ജന്തർമന്തറിൽ എത്തിക്കൊണ്ടിരിക്കുന്നത്. യുഎസിൽ നിന്നെത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ അടക്കം നേതാക്കൾ ജന്തർമന്തറിലുണ്ട്. പാറ്റകൾ വരുന്നു, ധർമ്മേന്ദ്ര പ്രധാൻ പോവുന്നു എന്ന മുദ്രാവാക്യമാണ് ഇപ്പോൾ ജന്തർമന്തറിൽ മുഴങ്ങുന്നത്.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാ​ഗമായി ദേശീയ തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ പൊലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള ആളുകളാണ് പ്രതിഷേധത്തിനെത്തിയത്. വിദ്യാർഥികൾ, യുവാക്കൾ, രക്ഷിതാക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ജന്തർ മന്ദറിലെത്തിയത്. കോക്ക്റോച്ച് മുഖം മൂടി ധരിച്ചും, കോക്ക്റോച്ച് ടി ഷർട്ട് അണിഞ്ഞും, അംബേദ്‌കർ ചിത്രം കയ്യിലേന്തിയും, പുസ്തകങ്ങളും പൂക്കളും പ്ലക്ക്കാർഡുകളുമായും ആയിരങ്ങൾ ജന്തർമന്തറിൽ ഒത്തുകൂടി. എല്ലാവർക്കും ഒരേ ആവശ്യം ഒരേ മുദ്രാവാക്യം. വിദ്യാഭ്യാസ മേഖലയിൽ നിരന്തരം ആവർത്തിക്കുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം. രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് സമരത്തെ അഭിസംബോധന ചെയ്തു അഭിജീത് ദിപ്കെ പറഞ്ഞു.

സിപിഐ നേതാവ് ആനി രാജ, എസ്എഫഐ നേതാവ് ഐഷേ ഘോഷ് തുടങ്ങി വിവിധ സംഘടനാ നേതാക്കളും സമരത്തിന് പിന്തുണ അറിയിച്ചു സമരവേദിയിലെത്തിയിട്ടുണ്ട്. ഇതിനിടെ സിജെപിയുടെ സമരത്തിന് സമാന്തരമായി ഹിന്ദുത്വ സംഘടനകളുടെ സമരവും ജന്തർമന്തറിൽ നടന്നു. സിജെപി ദേശ വിരോധികൾ എന്നാരോപിച്ചായിരുന്നു പ്രതിഷേധം. .ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പാറ്റകളെ കൊല്ലുന്ന ഹിറ്റ് സ്പ്രേയുമായി സമരവേദിയിൽ എത്തിയ ഡൽഹി സ്വദേശിയെയും പൊലീസ് നീക്കം ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഛത്രപതി സംഭാജി നഗറിലെ ദിപ്കെയുടെ വീടിനു മുന്നിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

രാവിലെ 7.30 ഓടെയാണ് അഭിജീത് ദിപ്കെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ പുറത്തിറങ്ങാനായത് 9.20 ഓടെ. ഇതോടെ അഭിജീത്തിനെ പൊലീസ് തടയുമോ എന്ന ആശങ്കയും ഉയർന്നിരുന്നു. അംബേദ്ക്കറുടെ ആത്മകഥ ഉയർത്തിക്കാട്ടി പുറത്തിറങ്ങിയ അഭിജീത് നിലപാട് ആവർത്തിച്ചു. ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നും ആവശ്യപ്പെട്ടു. തങ്ങളെ പിന്തുണയ്ക്കുന്ന എല്ലാവരെയും ജന്തർമന്തറിലെ പ്രതിഷേധ വേദിയിൽ കാണാമെന്നും അഭിജീത് ദീപ്കെ വ്യക്തമാക്കിരുന്നു.

"ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം"; പൂക്കളും പുസ്തകങ്ങളും ദേശീയ പതാകകളുമായി ജന്തർമന്തറിൽ സിജെപി പ്രതിഷേധം
അംബേദ്കറുടെ പുസ്തകം ഉയർത്തി പിടിച്ച് അഭിജിത് ദീപ്കെ; സിജെപിയുടെ പ്രതിഷേധത്തിന് പൊലീസ് അനുമതി

സമാധാനപരമായി സമരം നടത്തണമെന്നാണ് അഭിജീത് ദീപ്കെയുടെ ആഹ്വാനം. സമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം, അനിഷ്ട സംഭവങ്ങൾക്കുള്ള സാധ്യത ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണം, യാതൊരു പ്രകോപനവും ഉണ്ടാകരുത്, പ്രതിഷേധം പൂർണമായും റെക്കോഡ് ചെയ്യണമെന്നടക്കമുള്ള നിർദേശങ്ങളും സിജെപി വക്താക്കൾ നൽകിയിട്ടുണ്ട്. #cjpprotest എന്ന ഹാഷ് ടാഗിൽ പ്രതിഷേധ ദൃശ്യങ്ങൾ പങ്കിടാനും സിജെപി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.

അതേസമയം, പ്രതിഷേധം ഏതാണ്ട് പൂർണമായും കണ്ടില്ലെന്ന് നടിക്കുകയാണ് ഹിന്ദി, ഇംഗ്ലിഷ് മാധ്യമങ്ങൾ. ഏറെയും തെക്കേ ഇന്ത്യൻ മാധ്യമങ്ങളാണ് സമരവാർത്ത സമഗ്രമായി നൽകുന്നത്. ഐക്യദാർഢ്യവുമായി സോനം വാങ്ചുക്ക് അടക്കമുള്ള സമരനായകരും രാഷ്ട്രീയ നേതാക്കളും ഉടൻ സമരസ്ഥലത്ത് എത്തും എന്നറിയിച്ചിട്ടുണ്ട്. തൃണമൂൽ എംപിയും മാധ്യമപ്രവർത്തകയുമായ സാഗരിഗ ഘോഷ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com