

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബറയിപൂരിൽ ബലാത്സംഗക്കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പൊലീസ്. 11 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ മുഖ്യപ്രതി പ്രവാഷ് മൊണ്ടൽ എന്നയാളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. തെളിവെടുപ്പിന് കൊണ്ട് പോയ സമയത്ത് തോക്ക് തട്ടിപ്പറിച്ച് പൊലീസിനെ ആക്രമിക്കുകയും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ ഇയാളെ വെടിവെച്ചു എന്നാണ് പൊലീസ് പറയുന്നത്.
ബറുയിപൂരിലെ ഒരു കുളത്തിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ നിറച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റിലായ മൂന്ന് പ്രതികളിൽ മൊണ്ടലും ഉൾപ്പെടുന്നു. ആനന്ദ സർദാർ, ദിബാകർ സർദാർ എന്നീ രണ്ട് പേരെയാണ് മറ്റ് രണ്ട് പേരെയും തിരിച്ചറിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച പെൺകുട്ടി കൊല്ലപ്പെട്ട വിവരം അറിഞ്ഞ് പ്രദേശവാസികൾ പ്രതികളിലൊരാളെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്.
ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്നും പോയ കുട്ടിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സുഹൃത്തിന്റെ ജന്മദിനത്തിന് പാരിതോഷികം വാങ്ങാന്‍ പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍, രാത്രി വൈകിയിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല.കുട്ടിയെ രാത്രി മുഴുവന്‍ അന്വേഷിച്ചതായി വീട്ടുകാര്‍ പറയുന്നു. നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പിടിച്ചു കൊണ്ടുപോയി എന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഞായറാഴ്ച രാവിലെ നാട്ടുകാര്‍ ചേര്‍ന്ന് സംശയിക്കപ്പെടുന്നവരില്‍ ഒരാളെ പിടികൂടുകയും, ഇയാള്‍ പെണ്‍കുട്ടിയുടെ മൃതദേഹം എവിടെയുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തതായി പറയപ്പെടുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍, സൂര്യപൂര്‍ ഹാട്ട് പ്രദേശത്തെ ഒരു കുളത്തിന് സമീപം ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയെന്നാണ് നാട്ടുകാര്‍ പറയുന്നത്.