തമിഴ്‌നാട്: തിരുപ്പൂരിൽ പൊലീസുകാരനെ വെട്ടിക്കൊന്ന കേസിലെ പ്രതി എൻകൗണ്ടറിൽ കൊല്ലപ്പെട്ടു. തിരുപ്പൂർ സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസിനെ ആക്രമിച്ചെന്നും പിന്നാലെ വെടിവെയ്ക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ പൊലീസുകാരൻ ചികിത്സയിലാണ്.
ചൊവ്വാഴ്ച അർധരാത്രിയായിരുന്നു തിരുപ്പൂർ ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ഗ്രേഡ് എസ്‌ഐ ഷണ്മുഖ സുന്ദരം കൊല്ലപ്പെടുന്നത്. മാടത്തുകുളം അണ്ണാ ഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽ വെച്ചായിരുന്നു കൊലപാതകം. ഈ കൃഷിയിടത്തിലായിരുന്നു മണികണ്ഠൻ കുടുംബസമേതം താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി മണികണ്ഠനും പിതാവും സഹോദരനും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് സമീപത്തുള്ളവർ പൊലീസിനെ വിവരമറിച്ചു.
കോൾ ലഭിച്ചതോടെ ഗുഡിമംഗലം സ്പെഷ്യൽ എസ്ഐ ഷണ്മുഖ സുന്ദരം സ്ഥലത്തെത്തി. എന്നാൽ സംഘർഷം മൂർച്ഛിച്ചതിന് പിന്നാലെ അച്ഛനും മകനും ഷൺമുഖത്തിന് നേരെ തിരിഞ്ഞു. ഇതിനിടയിൽ മകൻ മണികണ്ഠൻ അരിവാൾ ഉപയോഗിച്ച് ഷൺമുഖവേലിനെ വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഷൺമുഖ സുന്ദരം കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും അക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ഓടി രക്ഷപെടുകയായിരുന്നു.
സംഭവത്തിൽ അച്ഛൻ മൂർത്തി തങ്കപാണ്ടിയും സഹോദരൻ ദണ്ഡപാണിയും ഇന്നലെ തന്നെ കീഴടങ്ങി. ഒളിവിൽ പോയ മുഖ്യപ്രതി മണികണ്ഠനായുള്ള തെരച്ചിലിലായിരുന്നു പൊലീസ്. പ്രതിയെ കണ്ടെത്തി പിടികൂടാൻ ശ്രമിക്കുന്നതിനിടെ ശരവണകുമാർ എന്ന പൊലീസുകാരനെ ഇയാൾ ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്വയരക്ഷക്കായി പൊലീസ് സംഘം വെടിയുതിർത്തു. അക്രമത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയിൽ തുടരുകയാണ്.