

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അരിയാന അഫ്ഗാൻ എയർലൈൻസ് വിമാനം തെറ്റായ റൺവേയിൽ ലാൻഡ് ചെയ്തത്. തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. കാബൂളിൽ നിന്നുള്ള അഫ്ഗാൻ എയറിൻ്റെ FG-311 (ഒരു A310 വിമാനം) വിമാനമാണ് ലാൻഡിംഗ് അനുമതി നൽകിയതോടെ റൺവേ 29L-ൽ ഇറങ്ങുന്നതിന് പകരം റൺവേ 29R-ൽ ഇറങ്ങിയത്. ടേക്ക് ഓഫുകൾക്കായി ഉപയോഗിക്കുന്ന സമാന്തര റൺവേയാണ് 29R.
സംഭവത്തിൽ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ)വിമാനത്തിൻ്റെ ജീവനക്കാരിൽ നിന്ന് രേഖാമൂലമുള്ള പ്രസ്താവന തേടിയിട്ടുള്ളതായി അധികൃതർ അറിയിച്ചു.
വിമാനം ലാൻഡ് ചെയ്യാനുള്ള അനുമതി നൽകിയതിൽ എയർ ട്രാഫിക് കൺട്രോളിൻ്റെ (എടിസി) ഭാഗത്ത് പിഴവൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പൈലറ്റുമാരോട് ശരിയായ റൺവേയിൽ ലാൻഡ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
വിമാനത്തിൻ്റെ പൈലറ്റിനെ ചോദ്യം ചെയ്തതിൽ നിന്നും വിമാനം 29Lനെ ലക്ഷ്യമാക്കിയാണ് നീങ്ങിയതെന്നും എന്നാൽ പിന്നീട് രണ്ട് ILS സിസ്റ്റങ്ങളും തകരാറിലായതായും അദ്ദേഹം വ്യക്തമാക്കി. പിന്നീട് കാഴ്ച മങ്ങിയതും, ലാറ്ററൽ ഗൈഡൻസ് നഷ്ടപ്പെട്ടതും മൂലമാണ് വിമാനം ഉദ്ദേശിച്ച പാതയിൽ നിന്നും വ്യതിചലിച്ചതെന്നും പൈലറ്റ് പറഞ്ഞു.
കോക്ക്പിറ്റ് ക്രൂവിൻ്റെ പ്രസ്താവന പ്രകാരം, പൈലറ്റുമാർ റൺവേയിൽ നിന്ന് ഇറങ്ങിയതിനു ശേഷമാണ് തെറ്റായ റൺവേയിലാണ് ലാൻഡിംഗ് നടന്നതെന്ന അറിഞ്ഞത്.
വിമാന ജീവനക്കാരുടെ പ്രസ്താവനകൾ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.