60 വര്‍ഷങ്ങള്‍ക്കു ശേഷം ദ്രാവിഡ ഇതര സര്‍ക്കാര്‍; തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമോ?

സിനിമകളിലെ ഡയലോഗുകളെ അനുസ്മരിപ്പിക്കുന്ന പ്രസംഗങ്ങള്‍ക്കപ്പുറം എന്ത് രാഷ്ട്രീയമാണ് വിജയ്ക്ക് പറയാനുള്ളതെന്ന് കാത്തിരുന്ന് കാണേണ്ടി വരും
60 വര്‍ഷങ്ങള്‍ക്കു ശേഷം ദ്രാവിഡ ഇതര സര്‍ക്കാര്‍; തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമോ?
Image: ANI
Published on
Updated on

ചെന്നൈ: നാടകീയതകള്‍ക്കൊടുവില്‍ വിജയ്‌യുടെ ടിവികെ സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തി. വിജയ്‌യും ഒമ്പത് മന്ത്രിമാരും ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തപ്പോള്‍ തമിഴ്‌നാട്ടില്‍ എഴുതപ്പെട്ടത് പുതിയൊരു ചരിത്രവും യുഗവുമാണ്.

അറുപത് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി തമിഴ്‌നാട്ടില്‍ ദ്രാവിഡ ഇതര സര്‍ക്കാര്‍ അധികാരത്തിലെത്തയിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം മുതല്‍ ആവര്‍ത്തിച്ചു പറഞ്ഞത് 'ചരിത്രത്തിന്റെ തിരിച്ചുവരവ്' എന്നായിരുന്നു. ഇന്ന് മെയ് പത്തിന് മുഖ്യമന്ത്രിയായി ചുമതലയേറ്റ് വിജയ് ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കി.

60 വര്‍ഷങ്ങള്‍ക്കു ശേഷം ദ്രാവിഡ ഇതര സര്‍ക്കാര്‍; തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമോ?
ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തൂക്ക്: വിജയ് ജയിച്ചത് ഇങ്ങനെയാണ് !

അണ്ണാദുരൈ മുതല്‍ എം.കെ. സ്റ്റാലിന്‍ വരെ നീണ്ട രാഷ്ട്രീയ പാരമ്പര്യത്തിനാണ് വിജയ് ഇന്ന് വിരാമമിട്ടിരിക്കുന്നത്. 1967 ലാണ് തമിഴ്‌നാട്ടില്‍ അവസാന ദ്രാവിഡ ഇതര സര്‍ക്കാരുണ്ടായിരുന്നത്. അന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന എം. ഭക്തവത്സലം അധികാരം വിട്ട ശേഷം, പിന്നീടിങ്ങോട്ട് തമിഴ് മക്കള്‍ കൈപിടിച്ച് ഒപ്പം നടത്തിയത് ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയേയും എഐഎഡിഎംകെയുമായിരുന്നു.

ആ കൈയാണ് മെയ് നാലിന് ബാലറ്റ് പെട്ടി തുറന്നപ്പോള്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ വിട്ടത്. സി. ജോസഫ് വിജയ്‌ക്കൊപ്പം പുതിയൊരു യാത്ര. ഇന്ന് സത്യപ്രതിജ്ഞ ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലും വിജയ് സൂചിപ്പിച്ചതും ഈ പുതുയുഗത്തെ കുറിച്ചായിരുന്നു.

60 വര്‍ഷങ്ങള്‍ക്കു ശേഷം ദ്രാവിഡ ഇതര സര്‍ക്കാര്‍; തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമോ?
ഇതൊരു പുതിയ തുടക്കം, വ്യാജ വാഗ്ദാനം നൽകി വഞ്ചിക്കില്ല; സിനിമാറ്റിക് സ്റ്റൈൽ പ്രസംഗവുമായി വിജയ്

വിജയ്‌ക്കൊപ്പം തമിഴ്‌നാടിന്റേയും തമിഴ് രാഷ്ട്രീയത്തിന്റേയും ഭാവി എങ്ങോട്ടേക്കാണെന്ന് കാത്തിരുന്ന് കാണാം. പക്ഷെ, ഇനിയുള്ള അഞ്ച് വര്‍ഷം വിജയ് എന്ന രാഷ്ട്രീയത്തിലെ പുതുമുഖത്തിന് കാര്യങ്ങള്‍ എളുപ്പമാകില്ല. അതിന്റെ ആദ്യ സൂചന തന്നെയായിരുന്നു കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍.

234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയില്‍ 108 സീറ്റുകള്‍ നേടി വിജയ് യുടെ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. കേവല ഭൂരിപക്ഷത്തിന് പത്തു സീറ്റുകള്‍ മാത്രം അകലെയായിരുന്നു. അഞ്ച് ദിവസം വേണ്ടി വന്നു 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് ടിവികെയ്ക്ക് എത്താന്‍. ആദ്യം ഒപ്പം കൂടിയത് ഒറ്റ രാത്രി കൊണ്ട് ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിച്ച് ഇന്‍ഡ്യാ സംഖ്യത്തിന് തന്നെ വിള്ളല്‍ വീഴ്ത്തിയ കോണ്‍ഗ്രസ്. പിന്നാലെ, ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായി ഇടതുപാര്‍ട്ടികളും വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ)യും മുസ്ലീം ലീഗും ടിവികെയെ പിന്തുണച്ചു.

120 സീറ്റുകളുമായി അധികാരത്തിലെത്തിയെ ടിവികെ സര്‍ക്കാറിന്റെ പ്രതിപക്ഷത്തുള്ളത് തമിഴ് രാഷ്ട്രീയത്തിന്റെ വേവ് നന്നായി അറിയാവുന്ന ഡിഎംകെയാണ്. ഒപ്പം എഐഎഡിഎംകെയും. തെരഞ്ഞെടുപ്പില്‍ ടിവികെയുടെ വോട്ട് വിഹിതം 34.92 ശതമാനമാണ്. ലഭിച്ചത് 1.71 കോടി വോട്ടുകള്‍. എംജിആര്‍ എഐഎഡിഎംകെ രൂപീകരിച്ച് 1977-ല്‍ നേടിയ 30 ശതമാനത്തിലധികം വോട്ട് വിഹിതത്തെക്കാള്‍ വലിയ മുന്നേറ്റമാണ് വിജയ് കാഴ്ചവെച്ചത്. തമിഴ്നാട്ടിലെ ഡിഎംകെ കോട്ടകളില്‍ വിള്ളലുണ്ടാക്കാനും ടിവികെയ്ക്ക് സാധിച്ചു.

ഈ വോട്ടുകളെല്ലാം, വിജയ് എന്ന ഒറ്റ ഫാക്ടറിനു ലഭിച്ചതാണെന്ന് നിസ്സംശയം പറയാം. താരാരാധനയുടേയും താരപ്രഭയുടേയും അകമ്പടിയോടെ തമിഴ് രാഷ്ട്രീയത്തിലേക്ക് കാലുകുത്തിയ വിജയ്ക്ക് സ്വന്തം സിനിമകളിലെ ഡയലോഗുകളെ അനുസ്മരിപ്പിക്കുന്ന പ്രസംഗങ്ങള്‍ക്കപ്പുറം എന്ത് രാഷ്ട്രീയമാണ് പറയാനുള്ളതെന്നും ചെയ്യാനുള്ളതെന്നും കാത്തിരുന്ന് കാണേണ്ടി വരും. അതിനനുസരിച്ചായിരിക്കും ദ്രാവിഡ മുന്നേറ്റത്തിന്റെ ചരിത്രം ഉണര്‍ന്നിരിക്കുന്ന തമിഴകത്തിന്റെ മുന്നോട്ടുപോക്കും.

ഡിഎംഎകെയ്ക്കും എഎഐഡിഎംകെയ്ക്കും ഈ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് വിഹിതം 24.20 ശതമാനവും 21.24 ശതമാനവുമാണ്. സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് എത്താന്‍ ടിവികെയ്ക്ക് ദിവസങ്ങളെടുത്തപ്പോള്‍ ഉയര്‍ന്നു കേട്ട അഭ്യൂഹം തമിഴ്‌നാടിനെ പ്രകമ്പനം കൊള്ളിക്കുന്നതായിരുന്നു. കുടിപ്പകയും ശത്രുതയും മറന്ന് ഒരു മഹാസന്ധിക്ക് ഡിഎംകെയും എഐഎഡികെയും തയ്യാറാകുന്നുവെന്ന്.

വിജയ്‌യുടെ വഴികള്‍ തടയാന്‍ ദ്രാവിഡ കക്ഷികളുടെ ഏകീകരണം എന്ന ആവശ്യം ഇരു പാര്‍ട്ടികളിലും ഉയര്‍ന്നിട്ടുണ്ട്. പക്ഷെ അതൊരിക്കലും എളുപ്പമാകില്ല, എംജിആറും കരുണാനിധിയും ജയലളിതയും ബാക്കിയാക്കിയ ചരിത്രത്തിനൊപ്പം ബിജെപിക്കൊപ്പമുള്ള എഐഎഡിഎംകെയുടെ 'വഴിവിട്ട' പോക്ക് വരെ പ്രതിസന്ധിയായി മുന്നിലുണ്ട്. ഇനിയൊരു പിളര്‍പ്പിനോ പുതിയൊരു ദ്രാവിഡ പാര്‍ട്ടി രൂപീകരണത്തിനോ ഉള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

എന്തായാലും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും മുഖ്യമന്ത്രിയായുള്ള സിനിമാ സ്റ്റൈല്‍ കടന്നു വരവും തമിഴക രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പ്.

News Malayalam 24x7
newsmalayalam.com