
കൊല്‍ക്കത്തയിലെ ലോ കോളേജില്‍ നിയമ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. കൊല്‍ക്കത്തയിലെ കസ്ബയിലെ കോളേജില്‍ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണം നടന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തില്‍ കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ മൂന്നാമത്തെയാള്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയാണ്.
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് മാസങ്ങള്‍ക്കിപ്പുറമാണ് സമാന സംഭവം വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്ത് മാസം മുമ്പാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടറുടെ ശരീരത്തില്‍ 16 ബാഹ്യ മുറിവുകളും ഒമ്പത് ആന്തരിക മുറിവുകളുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയായ സഞ്ജയ് റോയിക്ക് മരണം വരെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
സമാന സംഭവം വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തി. ആര്‍ജി കറിന്റെ മുറിവുണങ്ങുന്നതിനു മുമ്പ് വീണ്ടുമൊരു അതിക്രമമുണ്ടായിരിക്കുന്നു. പശ്ചിമ ബംഗാള്‍ സ്ത്രീകള്‍ക്ക് പേടിസ്വപ്‌നമായി മാറിയിരിക്കുന്നു, ബലാത്സംഗം പതിവ് വാര്‍ത്തയായിരിക്കുന്നുവെന്നും ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു.