രാജ്യത്തെ ഞെട്ടിച്ച് ഗുജറാത്തിൽ വിമാന ദുരന്തം. 242 പേരുമായി എയർ ഇന്ത്യ യാത്രാവിമാനം പറന്നുയർന്ന് രണ്ട് മിനുട്ടിനകം ഉടൻ തീഗോളമായി കത്തിയമരുകയായിരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടണിലേക്ക് പോയ AI 171 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലെ എല്ലാവരും മരിച്ചതായി അധികൃതർ ആദ്യം സ്ഥിരീകരിച്ചിരുന്നു. എന്നാൽ എമർജൻസി എക്സിറ്റ് വഴി ഒരു യാത്രികൻ രക്ഷപെട്ടതായും റിപ്പോർട്ടുകളുണ്ട്.
ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനം സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നത് ഉച്ചയ്ക്ക് 1.39ന്.രണ്ടേ രണ്ട് മിനിറ്റിനുള്ളിൽ എല്ലാം കഴിഞ്ഞു. പറന്നുപൊങ്ങി ഒരു മിനിറ്റ് പിന്നിട്ടപ്പോൾ വിമാനത്തിൽ നിന്ന് അത്യന്തം അപകടകരമായ സാഹചര്യത്തിൽ പൈലറ്റിൻ്റെ മേയ് ഡേ സന്ദേശം എയർ ട്രാഫിക് കൺട്രോളിൽ കിട്ടി. എയർ ട്രാഫിക് കൺട്രോൾ തിരിക പൈലറ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല.
ഏതാണ്ട് 645 അടി ഉയരത്തിൽ നിന്ന് വിമാനം താഴേക്ക് കൂപ്പുകുത്താൻ തുടങ്ങി. ആ സമയത്തും വിമാനം ഉയർത്താനുള്ള പൈലറ്റിൻ്റെ പരിശ്രമം ദൃശ്യങ്ങളിൽ വ്യക്തം. ശ്രമം വിഫലമാകുന്നത് തിരിച്ചറിയുന്ന പൈലറ്റ് വിമാനത്തിൻ്റെ മുൻഭാഗം ഉയർത്തിപ്പിടിച്ച് ആഘാതം പരമാവധി കുറയ്ക്കാൻ ശ്രമിച്ചു. പക്ഷേ നിമിഷങ്ങൾക്കുള്ളിൽ വിമാനം തീഗോളമായി മാറി.
അഹമ്മദാബാദ് നഗരത്തിലെ തിരക്കേറിയ ഭാഗത്ത് മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മീതെ മെസ് ഹാൾ തകർത്തുകൊണ്ടാണ് വിമാനം ഇടിച്ചിറങ്ങിയത്. ഈ സമയം മെസിൽ വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്. യാത്രക്കാരിൽ 169 ഇന്ത്യക്കാര്‍, ബ്രിട്ടിഷ് പൗരന്മാർ 53, പോര്‍ച്ചുഗീസ് പൗരന്മാർ 7, ഒരു കനേഡിയൻ പൗരൻ എന്നിവരുൾപ്പെടുന്നു. 13 കുട്ടികളാണ് ഇതിൽ രണ്ട് പേർ പിഞ്ചകുഞ്ഞുങ്ങളും. മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികളും അപകടത്തിൽ പെട്ടു.
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നതായി യാത്രാരേഖകളിൽ നിന്ന് വ്യക്തമായി. ഇന്ത്യയില്‍ ഇതാദ്യമായാണ് ബോയിങ് വിമാനം അപകടത്തില്‍പ്പെടുന്നത്. പൈലറ്റ് സുമിക്ക് സബര്‍വാള്‍, കോ പൈലറ്റ് ക്ലൈവ് കുന്ദര്‍ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ഇരുവരും പരിചയ സമ്പന്നരായ പൈലറ്റുമാരാണെന്ന് ഡിജിസിഎ വിശദീകരിച്ചു. സമീപകാലത്തെ ഏറ്റവും ദാരുണമായ ആകാശ ദുരന്തത്തിൻ്റെ ആഘാതത്തിലാണ് രാജ്യം ഇപ്പോഴും.