

എസ്എഫ്ഐ ഡല്‍ഹി ജില്ലാ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസിന്റെ വിഫല ശ്രമം. ഡല്‍ഹി എകെജി ഭവനിലേക്കാണ് പൊലീസ് സംഘം എത്തിയത്. സിവില്‍ വേഷത്തിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥ സിപിഐഎം പാര്‍ട്ടി ആസ്ഥാനത്ത് എത്തിയത്. എന്നാല്‍, യൂണിഫോമും ബാഡ്ജും ഇല്ലാതെ എത്തിയതിനെ ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യം ചെയ്തു. യൂണിഫോം ഇടാഞ്ഞത് മഴ കാരണമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ വിചിത്രമായ മറുപടി. പോയി യൂണിഫോമും ബാഡ്ജും ധരിച്ചെത്തൂ, അതുവരെ ഞാനിവിടെ ഉണ്ടാകുമെന്ന് ബ്രിട്ടാസും പ്രതികരിച്ചതോടെ പൊലീസ് സംഘം പിന്തിരിയുകയായിരുന്നു. സ്വകാര്യ വാഹനത്തിലായിരുന്നു പൊലീസ് സംഘം എത്തിയത്.
2021ലെ ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാര നടപടിയാണിതെന്ന് ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. ഡല്‍ഹി സമരത്തില്‍ പങ്കെടുത്തവരെ തെരഞ്ഞുപിടിച്ചു അറസ്റ്റ് ചെയ്യുകയാണ്. അമിത് ഷായുടെ പ്രതീകമായാണ് പൊലീസ് എത്തിയത്. ഒരു ദേശീയ പാര്‍ട്ടിയുടെ ഓഫീസിലേക്ക് ഇരച്ചെത്തുന്നതിന് മുകളില്‍ നിന്നുള്ള ഉത്തരവ് ഇല്ലാതിരിക്കില്ല.
യാതൊരു പെര്‍മിഷനും ഇല്ലാതെ അവര്‍ അകത്തേക്ക് പ്രവേശിക്കാനൊരുങ്ങുകയായിരുന്നു. ഇത് കേന്ദ്രത്തിന്റെ പ്രതികാര നടപടിയാണ്. സിജെപി സമരത്തിന് ദിശാബോധം പകര്‍ന്നത് എസ്എഫ്ഐയും, എഐഎസ്എസും, ഐസയുമാണ്. അവരെ അറസ്റ്റ് ചെയ്താല്‍ യുവാക്കളുടെ പ്രതിഷേധത്തെ നിയന്ത്രിക്കാം എന്നാണ് അവരുടെ ചിന്ത. ഐഷി ഘോഷിനെ കുറച്ചുദിവസമായി പൊലീസ് നിരീക്ഷിച്ചുവരുകയാണ്. ആശുപത്രിയില്‍ പോയപ്പോഴും അവര്‍ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
പ്രതികാര നടപടി ഉണ്ടാകില്ലെന്ന കേന്ദ്രത്തിന്റെ വാക്ക് വെറുതേയായെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി പ്രതികരിച്ചത്. ക്രിമിനൽ കുറ്റമാണ് പൊലീസ് ചെയ്തത്. യൂണിഫോമില്‍ ആയിരുന്നില്ല പൊലീസ് വന്നത്. സോനം വാങ്ചുക്കിനെ തട്ടിക്കൊണ്ടുപോയതുപോലെ ഐഷി ഘോഷിനെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചതെന്നും ബേബി കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദി സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനമെന്ന് ദൃശ്യമായതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചു.
2021ലെ സമരവുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പൊലീസ് എത്തിയത്. ബംഗ്ല ഭവനു മുന്നില്‍ നടന്ന പ്രതിഷേധത്തിലായിരുന്നു പൊലീസ് നടപടി. കേസ് 30ന് കോടതി പരിഗണിക്കാനിരിക്കെയാണ് ഡല്‍ഹി പൊലീസിന്റെ നീക്കം.