

ഫരീദാബാദ്: ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ അല്‍ഫലാഹ് സര്‍വകലാശാലാ ചെയര്‍മാന്‍ ജവാദ് അഹമ്മദ് സിദ്ദിഖി അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അല്‍ഫലാഹ് സര്‍വകലാശാലയുമായി ബന്ധപ്പെട്ട് 25 ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെയാണ് ചെയര്‍മാന്‍ ജവാദിനെ അറസ്റ്റ് ചെയ്തത്.
അൽ ഫലാഹ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് സർവകലാശാലാ പരിസരത്ത് നടത്തിയ പരിശോധനയിൽ ശേഖരിച്ച തെളിവുകളുടെ വിശദമായ അന്വേഷണത്തിനും വിശകലനത്തിനും ശേഷമാണ് ചെയർമാൻ്റെ അറസ്റ്റ് നടന്നതെന്ന് കേന്ദ്ര ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപത്തെ ചാവേർ സ്‌ഫോടനത്തിന് ശേഷമാണ് ഈ സര്‍വകലാശാല വിവാദത്തില്‍പ്പെട്ടത്.
ചെങ്കോട്ട സ്‌ഫോടനത്തിൻ്റെ മുഖ്യ ആസൂത്രകന്‍ എന്ന് എന്‍ഐഎ വിലയിരുത്തുന്ന ഉമര്‍ നബി ജോലി ചെയ്തിരുന്നത് അല്‍ഫലാഹ് സര്‍വകലാശാലയിലാണ്. ഇതിന് പുറമെ ഇവിടെയുള്ള മൂന്ന് ഡോക്ടര്‍മാരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവിടുത്തെ ലാബ് ടെക്‌നീഷ്യന്മാര്‍ ഉള്‍പ്പെടെ 70 ഓളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സര്‍വകലാശാലയിലെ ഡോക്ടര്‍മാരുടെ ടെലിഗ്രാം ഗ്രൂപ്പിലെ വിശദാംശങ്ങളും എൻഐഎ പരിശോധിച്ചിരുന്നു. എൻഐഎയ്ക്ക് പുറമെയാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.
ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ അടുത്തിടെ രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളെ തുടർന്നാണ് അന്വേഷണ ഏജൻസി അന്വേഷണം ആരംഭിച്ചത്. വഞ്ചന, അക്രഡിറ്റേഷൻ രേഖകളുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചതുൾപ്പെടെയുള്ള കേസുകളാണ് ഇതിൽ ഉൾപ്പെടുന്നത്. അൽ ഫലാഹ് സർവകലാശാലാ പരിസരം, അൽ ഫലാഹ് ഗ്രൂപ്പിലെ പ്രധാന വ്യക്തികളുടെ വസതികൾ എന്നിവയുൾപ്പെടെ ഡൽഹിയിലെ 19 ഇടങ്ങളിൽ അന്വേഷണ ഏജൻസി തിരച്ചിൽ നടത്തി.
പരിശോധനയിൽ 48 ലക്ഷത്തിലധികം പണവും ഒന്നിലധികം ഡിജിറ്റൽ ഉപകരണങ്ങളും ഡോക്യുമെൻ്ററി തെളിവുകളും കണ്ടെത്തി പിടിച്ചെടുത്തതായി ഏജൻസി അറിയിച്ചു. "കോടിക്കണക്കിന് രൂപ ട്രസ്റ്റ് കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലേക്ക് വകമാറ്റിയതായി തെളിവുകളുണ്ട്. ഉദാഹരണത്തിന്, നിർമാണ, കാറ്ററിംഗ് കരാറുകൾ ട്രസ്റ്റോ ജവാദ് അഹമ്മദ് അദ്ദേഹത്തിൻ്റെ ഭാര്യയുടെയും കുട്ടികളുടെയും സ്ഥാപനങ്ങൾക്ക് നൽകി. അൽ ഫലാഹ് ഗ്രൂപ്പിൻ്റെ ഒന്നിലധികം ഷെൽ കമ്പനികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു നിരവധി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്," ഇ.ഡി അറിയിച്ചു.