

രാജസ്ഥാൻ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിന് പിന്നാലെ തെരുവു വിളക്കുകൾ നീക്കം ചെയ്തത് രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമെന്ന് ആരോപണം. നിവായ് എംഎൽഎ റാം സഹായ് വർമ്മയുടെ പേഴ്സണൽ അസിസ്റ്റന്റ് ആയ അലോക് ശർമ്മയുടെ ഭാര്യ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് വിളക്കുകൾ നീക്കം ചെയ്തത്. ഇതാണ് വിവാദങ്ങൾക്കിടയാക്കിയത്.
പീപ്ലു പഞ്ചായത്ത് സമിതിയുടെ നാലാം വാർഡിലാണ് സംഭവം നടന്നത്. റാനോലി ഗ്രാമപഞ്ചായത്തിലെ കുംഹാരോൺ കി ധനി, ബേഗംപുര, ഹനിഫ്ഗഞ്ച്, ബിജൽപുര ഗ്രാമങ്ങളിലെ വൈദ്യുതി തൂണുകളിൽ ഏകദേശം 50 എൽഇഡി തെരുവ് വിളക്കുകൾ സ്ഥാപിച്ചിരുന്നു. അലോക് ശർമ്മയുടെ ഭാര്യ പ്രിയങ്ക ശർമ്മ, വാർഡ് 4 ൽ നിന്ന് പഞ്ചായത്ത് സമിതി അംഗ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഈ പ്രദേശങ്ങളിലെ തെരുവ് വിളക്കുകൾ നീക്കം ചെയ്യാൻ തുടങ്ങിയതായി ഗ്രാമവാസികൾ പറയുന്നു. ഗ്രാമങ്ങൾക്കെതിരായ പ്രതികാര നടപടിയാണ് വിളക്കുകൾ നീക്കം ചെയ്തതെന്നും നാട്ടുകാർ ആരോപിച്ചു.
10 തെരുവുവിളക്കുകളാണ് ഇത്തരത്തിൽ നീക്കം ചെയ്തത്. അതേസമയം, ജയ്പൂർ വിദ്യുത് വിത്രൻ നിഗം ലിമിറ്റഡിന്റെ (ജെവിവിഎൻഎൽ) തൂണുകളിലേക്കുള്ള വൈദ്യുതി കണക്ഷനുകൾ അനധികൃതമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ലൈറ്റുകൾ നീക്കം ചെയ്യുന്നതെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കി. വൈദ്യുതി തകരാറുകൾ പരിഹരിക്കുന്നതിനായി ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനിടെ അനധികൃത കണക്ഷനുകൾ വഴി വൈദ്യുതി തൂണുകളിൽ ലൈറ്റുകൾ സ്ഥാപിച്ചതായി എഫ്ആർടി സംഘം കണ്ടെത്തിയതെന്നും വൈദ്യുതി ബോർഡ് വ്യക്തമാക്കി.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമ സർപഞ്ചുമാർ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ സമ്മതിച്ചചതിനെ തുടർന്ന് ഏകദേശം 40 ലൈറ്റുകൾ നീക്കം ചെയ്യുന്നത് നിർത്തി വെക്കുകയും ചെയ്തു. ജെവിവിഎൻഎൽ ഈ വിഷയത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അന്വേഷണം ചുമതല നൽകിയിട്ടുണ്ട്. ലൈറ്റുകൾ സ്ഥാപിച്ച സാഹചര്യവും വൈദ്യുതി കണക്ഷനുകളുടെ സ്വഭാവവും അന്വേഷണത്തിലൂടെ കണ്ടെത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, എംഎൽഎ രാംസാഹയ് വർമ്മ സംഭവത്തിൽ രാഷ്ട്രീയ പകപോക്കലുണ്ടെന്ന ആരോപണം നിഷേധിച്ചു.പ്രിയങ്ക ശർമ്മയുടെ തെരഞ്ഞെടുപ്പ് പരാജയവുമായി തെരുവ് വിളക്കുകൾ നീക്കം ചെയ്തതിന് ബന്ധമുണ്ടെന്ന ആരോപണങ്ങളും നിവായ് എംഎൽഎ രാംസഹായ് വർമ്മ തള്ളി.