ഇംപീച്ച്‌മെന്റ് നടപടികള്‍ക്കിടെ അസാധാരണ നീക്കം; രാജിവെച്ച് ജസ്റ്റിസ് യശ്വന്ത് വര്‍മ

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് നല്‍കി
ഇംപീച്ച്‌മെന്റ് നടപടികള്‍ക്കിടെ അസാധാരണ നീക്കം; രാജിവെച്ച് ജസ്റ്റിസ് യശ്വന്ത് വര്‍മ
Published on
Updated on

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് നോട്ട് കെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുന്ന അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ രാജിവെച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് രാജിക്കത്ത് നല്‍കി.

അതീവ വേദനയോടെ ജഡ്ജി സ്ഥാനത്തു നിന്ന് രാജിവെക്കുന്നുവെന്നാണ് രാഷ്ട്രപതിക്ക് അയച്ച കത്തില്‍ യശ്വന്ത വര്‍മ വ്യക്തമാക്കിയത്. രാജിയിലേക്ക് നയിച്ച കാരണങ്ങള്‍ ബോധിപ്പിച്ച് രാഷ്ട്രപതിയുടെ ഓഫീസിന് ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.

പാര്‍ലമെന്റില്‍ യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്‌മെന്റ് നടപടികള്‍ ആരംഭിക്കാനിരിക്കേയാണ് രാജി. ഇതോടെ നടപടികള്‍ അവസാനിക്കും.

2025 മാര്‍ച്ച് 14 നാണ് യശ്വന്ത് വര്‍മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ആ സമയത്ത് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്നു അദ്ദേഹം. വീട്ടിലുണ്ടായ തീപിടുത്തത്തിനിടയിലാണ് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത്. ജോലിക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ഈ സമയത്ത് യശ്വന്ത് വര്‍മയും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ല.

പണവുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു യശ്വന്ത് വര്‍മയുടെ വാദം. സംഭവത്തില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി മൂന്നംഗ ജഡ്ജിമാരുടെ സമിതിയെ നിയോഗിച്ചിരുന്നു. മെയ് നാലിന് ചീഫ് ജസ്റ്റിസിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

തുടര്‍ന്നാണ് ജസ്റ്റിസ് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന് ഔദ്യോഗിക ജോലികള്‍ നല്‍കരുതെന്നും നിര്‍ദേശം നല്‍കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com