
ന്യൂഡല്‍ഹി: വെള്ളിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയ നടപടിയില്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ തീരുമാനം തിരുത്തി താലിബാന്‍. വനിതാ മാധ്യമ പ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ വാര്‍ത്താസമ്മേളനം വിളിച്ചത്.
ഒരാഴ്ചത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ അമീര്‍ മുത്തഖി നേരത്തെ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു നടപടി. ഇതിന് ശേഷമാണ് മുത്തഖി വീണ്ടും ഇപ്പോള്‍ വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.
പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ഇന്ത്യ വിദേശകാര്യമന്ത്രാലയം പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അഫ്ഗാന്‍ പ്രതിനിധി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയ്ക്ക് ഒരു റോളുമില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചത്.
അഫ്ഗാന്‍ മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുംബൈയിലെ അഫ്ഗാന്റെ കോണ്‍സുല്‍ ജനറല്‍ വാര്‍ത്താസമ്മേളനത്തിനായി തെരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്കാണ് അനുമതി നല്‍കിയത്. അഫ്ഗാന്‍ എംബസിയുടെ അതിര്‍ത്തി ഇന്ത്യന്‍ സര്‍ക്കാരിന്റെ അധികാര പരിധിയില്‍പ്പെടുന്നതല്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ പുരുഷന്മാരായ മാധ്യമപ്രവര്‍ത്തകര്‍ മാത്രമേയുണ്ടായിരുന്നുള്ളു. ചില വനിതാ മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തു. ഇതോടെ വലിയ പ്രതിഷേധവും വിമര്‍ശനവുമാണ് വിഷയത്തില്‍ ഉയര്‍ന്നത്. നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തി.
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ കടുത്ത വിലക്കുകളാണ് താലിബാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജോലി ചെയ്യുന്നതില്‍ നിന്നടക്കം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം ഒരു നടപടി അംഗീകരിക്കാനാവില്ലെന്നാണ് ഉയരുന്ന പ്രതിഷേധം.