ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറ്റക്കാര്‍ വരുന്നതുകൊണ്ടാണ് രാജ്യത്ത് മുസ്ലീം ജനസംഖ്യ വര്‍ധിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം. വോട്ടവകാശം രാജ്യത്തെ 'പൗരര്‍ക്ക്' മാത്രമാകണം നല്‍കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
'മുസ്ലീം ജനസംഖ്യ 24.6 ശതമാനം വര്‍ധിച്ചു. അതേസമയം ഹിന്ദു ജനസംഖ്യ 4.5 ശതമാനം മാത്രമേ വര്‍ധിച്ചുള്ളു. അത് ജനന നിരക്ക് കാരകണമാണ്. കാരണമല്ല ഇത് സംഭവിക്കുന്നത്. നുഴഞ്ഞു കയറ്റം മൂലമാണ്,' അമിത് ഷാ പറഞ്ഞു.
മതം മൂലമാണ് ഇന്ത്യയെ വിഭജിക്കേണ്ടി വന്നത്. ഇന്ത്യയുടെ രണ്ട് വശങ്ങളും എടുത്തുകൊണ്ടാണ് പാകിസ്ഥാന് രൂപം നല്‍കിയത്. ആ രണ്ട് വശങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ നുഴഞ്ഞു കയറ്റം സംഭവിക്കുന്നത്. അത് ജനസംഖ്യാ വര്‍ധനയില്‍ വലിയ മാറ്റമാണ് സൃഷ്ടിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
'നുഴഞ്ഞുകയറ്റത്തിന്റെയും അഭയാര്‍ഥികളാകുന്നതിന്റെയും വ്യത്യാസം ഞാന്‍ പറഞ്ഞുതരാം. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു ജനസംഖ്യാ നിരക്ക് കുറഞ്ഞു വരികയാണ്. പലരും ഇന്ത്യയില്‍ അഭയാര്‍ഥിത്വം എടുത്തു. പക്ഷെ ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ കൂടുന്നത് ജനസംഖ്യാ നിരക്കിലെ സ്വാഭാവികമായ വര്‍ധന കൊണ്ടല്ല. കാരണം, നിരവധി പേര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറുന്നതുകൊണ്ടാണ്,' ആഭ്യന്തര മന്ത്രി പറഞ്ഞു.
നുഴഞ്ഞു കയറ്റക്കാരെ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്താക്കണം. വോട്ടവകാശം രാജ്യത്തുള്ളവര്‍ക്ക് മാത്രമാകണം. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് അമിത്ഷായുടെ പ്രതികരണം.