

ആറു വർഷത്തെ ബിജെപി ജീവിതത്തിന് തിരശീലയിട്ട് കെ.അണ്ണാമലൈ. രാജി വെക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ രാജിക്കത്ത് ബിജെപി അധ്യക്ഷൻ നിതിൻ നബീന് കൈമാറി. ഇന്നലെ ഡൽഹിയിലെത്തിയ അണ്ണാമലൈ പ്രധാനപ്പെട്ട നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം.
കൂടിക്കാഴ്ചയിലും ബിജെപിയിൽ തന്നെ തുടരണമെന്ന ആവശ്യം ബിജെപി നേതാക്കൾ ഉന്നയിച്ചുവെങ്കിലും തന്നെ പോവാൻ അനുവദിക്കണമെന്നായിരുന്നു അണ്ണാമലൈയുടെ ആവശ്യം. ആദ്യമായി പ്രവർത്തിച്ച പാർട്ടിയാണ് ബിജെപി, തനിക്ക് നൽകിയ അവസരത്തിന് നന്ദി അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹിയിൽ എത്തി നേതാക്കളെ കണ്ടതെന്നും അണ്ണാമലൈ വ്യക്തമാക്കി.
ബിജെപിയിൽ നിന്നും പുറത്തു വന്ന ശേഷം പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് അണ്ണാമലൈയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. അങ്ങനെയാണെങ്കിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു രാഷ്ട്രീയ കക്ഷിയുടെ കൂടെ ഉദയമാകും.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് അണ്ണാമലൈയെ നീക്കി പകരം നൈനാര്‍ നാഗേന്ദ്രന് ചുമതല നല്‍കിയിരുന്നു. ഇത് വലിയ ചർച്ചകൾക്കിടം നൽകിയിരുന്നു. അടുത്ത കാലത്തായി പാര്‍ട്ടിയുമായി അണ്ണാമലൈ ഇടഞ്ഞിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുമെന്ന വാർത്തകളും ശക്തമായിരുന്നു. സിബിഎസ്ഇയുടെ ത്രിഭാഷാ പദ്ധതിക്കെതിരെ അണ്ണാമലൈ ശക്തമായ രംഗത്തെത്തിയതും അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. ത്രിഭാഷാ പദ്ധതി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അനാവശ്യമായ മാനസിക സമ്മര്‍ദം ഉണ്ടാക്കുമെന്നായിരുന്നു വിമര്‍ശനം.