

ഉത്തരാഖണ്ഡ്: ഏഷ്യയിലെ ജലത്തിൻ്റെ ഉറവിടമെന്ന് വിശേഷിപ്പിക്കുന്ന ഹിമാലയൻ മലനിരകൾ കടുത്ത വരൾച്ചയിലേക്കെന്ന് റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ മുതൽ മ്യാൻമർ വരെ നീളുന്ന ഹിന്ദുക്കുഷ് ഹിമാലയൻ മേഖലയിലെ മഞ്ഞുപാളികളുടെ അളവ് കഴിഞ്ഞ 23 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
ഇത് ഏഷ്യയിലെ ഏകദേശം ഇരുനൂറ് കോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും, ലോകം വലിയൊരു ജലപ്രതിസന്ധിക്ക് കാരണമായേക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. കാഠ്മണ്ഡു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ സെൻ്റർ ഫോർ ഇൻ്റർഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെൻ്റ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
2025 നവംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മഞ്ഞുപാളികളുടെ സാന്നിധ്യം ശരാശരിയേക്കാൾ 27.8 ശതമാനം കുറഞ്ഞതായാണ് കണ്ടെത്തൽ. ഹിന്ദുക്കുഷ് ഹിമാലയത്തിൽ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ശൈത്യകാല മഞ്ഞ് രേഖപ്പെടുത്തി. മഞ്ഞുവീഴ്ചയുടെ നിലനിൽപ്പ് ശരാശരിയേക്കാൾ 27.8 ശതമാനം കുറഞ്ഞു. കാബൂൾ മുതൽ കൊൽക്കത്ത വരെയുള്ള നഗരങ്ങളിലെ കുടിവെള്ളത്തിനും കൃഷിക്കും ജലവൈദ്യുത പദ്ധതികൾക്കും ഈ ജലമാണ് പ്രധാന സ്രോതസ്സ്.
മെകോങ് നദീതടത്തിൽ 59.5 ശതമാനത്തിൻ്റെയും തിബറ്റൻ പീഠഭൂമിയിൽ 47.4 ശതമാനത്തിൻ്റെയും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യെല്ലോ റിവർ, ആമു ദര്യ നദീതടങ്ങളിലും വലിയ തോതിൽ കുറവുണ്ടായി. എന്നാൽ ഇന്ത്യയ്ക്ക് നേരിയ ആശ്വാസമായി ഗംഗാ നദീതടത്തിൽ ഇത്തവണ മഞ്ഞുപാളികളുടെ സാന്നിധ്യം സാധാരണയേക്കാൾ 16.3 ശതമാനം അധികമാണ്.
ഇത് ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ താൽക്കാലിക ആശ്വാസം നൽകിയേക്കും. ഇത് തുടർച്ചയായ നാലാം വർഷമാണ് ഹിമാലയത്തിൽ മഞ്ഞിൻ്റെ അളവ് ശരാശരിയേക്കാൾ താഴെയാകുന്നത്. 2003-ന് ശേഷം 14 ശൈത്യകാലങ്ങളിലും ഇതേ അവസ്ഥയുണ്ടായി.