

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഭിഷേക് ബാനര്‍ജിക്കു നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കൊല്ലപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു അഭിഷേകിനും കൂടെയുണ്ടായിരുന്നവര്‍ക്കും നേരെ ആക്രമണമുണ്ടായത്.
പരിക്കേറ്റ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. അഭിഷേക് ബാനര്‍ജിയുടെ വാഹനവ്യൂഹം തടഞ്ഞ ജനക്കൂട്ടം അദ്ദേഹത്തിന് നേരെ മുട്ടയും കല്ലുകളും ചെരിപ്പുകളും എറിയുകയായിരുന്നു.
'ചോര്‍, ചോര്‍' (കള്ളന്‍, കള്ളന്‍) എന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു ആക്രമണം. സംഘര്‍ഷത്തില്‍ അദ്ദേഹത്തിന്റെ വസ്ത്രം കീറുകയും മുട്ടയേറും ഉണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹെല്‍മെറ്റ് ധരിപ്പിച്ചാണ് അഭിഷേക് ബാനര്‍ജിയെ സ്ഥലത്തു നിന്ന് മാറ്റിയത്. ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
പശ്ചിമ ബംഗാളിലെ തോല്‍വിക്കു പിന്നാലെ, ബിജെപി തൃണമൂലിനെ ലക്ഷ്യമിടുന്നതായി ടിഎംസി പ്രവര്‍ത്തകര്‍ ആരോപിച്ചു. അഭിഷേകിനെതിരായ ആക്രമണത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ രംഗത്തെത്തി.
ആഭ്യന്തര വൈരുദ്ധ്യങ്ങളും ഭിന്നതകളും കാരണം ഇന്‍ഡ്യ മുന്നണിയുടെ ഭാവി ചോദ്യചിഹ്നമായി നില്‍ക്കുന്ന അവസരത്തിലാണ് അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണം. ഇത് പ്രതിപക്ഷ നിരയെ വീണ്ടും ഒന്നിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാള്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ആക്രമണത്തെ അപലപിച്ചുകൊണ്ട് മമതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.
ബിജെപി സര്‍ക്കാര്‍ രാഷ്ട്രീടയ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്ക് ആവശ്യമായ പൊലീസ് സുരക്ഷ ഒരുക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ചയുണ്ടായെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി. കുറ്റകരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അഖിലേഷ് യാദവ് പ്രതികരിച്ചത്. ബിജെപി അധികാരത്തില്‍ വരുന്നിടത്തെല്ലാം ക്രമസമാധാന നില തകരാറിലായെന്ന് അരവിന്ദ് കെജ് രിവാളും കുറ്റപ്പെടുത്തി.
ഇന്‍ഡ്യ സഖ്യവുമായി അകലം പാലിച്ചിരുന്ന മമത ബാനര്‍ജി വീണ്ടും സഖ്യവുമായി അടുക്കുകയാണ്. ഈ സാഹചര്യത്തില്‍ അഭിഷേക് ബാനര്‍ജിക്ക് നേരെയുണ്ടായ ആക്രമണം ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തിന് പുതിയ വേദി തുറന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മമത ബാനര്‍ജി സഖ്യകക്ഷികളുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
എന്നാല്‍, ആരോപണം ബിജെപി പൂര്‍ണമായി തള്ളി. ബിജെപി ആസൂത്രണം ചെയ്ത ആക്രമണമല്ലെന്നും കഴിഞ്ഞ 15 വര്‍ഷത്തെ ടിഎംസി ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണെന്നും ബംഗാള്‍ ഘടകം അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ പറഞ്ഞു. ആക്രമണത്തിന് ഇരയായ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ധാര്‍മിക അവകാശമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാല്‍, ഇത് ജനരോഷമല്ലെന്നും പാര്‍ട്ടിക്കുള്ള ജനപിന്തുണയില്‍ ഭയന്ന് ബിജെപി മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണമാണെന്നും തൃണമൂല്‍ എം.പി സുസ്മിത ദേവ് ആരോപിച്ചു.