ഉത്തർപ്രദേശ്: ലഖിംപൂർ ഖേരി ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ നവജാത ശിശുവിൻ്റെ മൃതശരീരം കവറിൽ താങ്ങി കൊണ്ടുവന്ന് പിതാവ്. ആശുപത്രി പൊടുന്നനെ ഫീസ് വർധിപ്പിച്ച് പ്രസവം വൈകിപ്പിച്ചതാണ് തൻ്റെ കുഞ്ഞിൻ്റെ മരണത്തിന് കാരണമെന്ന് ഓഫീസിലെത്തിയ പിതാവ് വിപിൻ ഗുപ്ത ആരോപിച്ചു. പിന്നാലെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസ് ആശുപത്രി അടപ്പിച്ച് സീൽ ചെയ്തു.
ജില്ലാ മെഡിക്കൽ മേധാവി തന്നെയാണ് എക്സ് പോസ്റ്റിലൂടെ സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. "നവജാതശിശുവിന്റെ മരണത്തിൽ, ജില്ലാ ഭരണകൂടം ഗോൾഡർ ആശുപത്രി സീൽ ചെയ്തു. അഡ്മിറ്റ് ചെയ്ത രോഗികളെ ജില്ലാ വനിതാ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഡിഎമ്മിന്റെ നിർദേശപ്രകാരം, എഡിഎം എ.കെ. റസ്തോഗി ശ്രീജൻ ആശുപത്രി സന്ദർശിച്ച് ഗർഭിണിയായ അമ്മയുടെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കുള്ള നിർദേശങ്ങൾ നൽകി. ജില്ലാ ഭരണകൂടം ദുരിതബാധിത കുടുംബത്തോടൊപ്പം നിൽക്കുന്നു." ഡിഎം എക്സിൽ കുറിച്ചു.
ആശുപത്രിയിൽ സാധാരണ പ്രസവത്തിന് 10,000 രൂപയും, സിസേറിയൻ പ്രസവത്തിന് 12,000 രൂപയുമായിരുന്നു ആവശ്യപ്പെട്ടിരുന്നതെന്ന് വിപിൻ ഗുപ്ത എഎൻഐയോട് പറഞ്ഞു. എന്നാൽ ഭാര്യക്ക് പ്രസവവേദന കൂടുതലായതോടെ ആശുപത്രി പെട്ടെന്ന് വില വർധിപ്പിച്ചതായി വിപിൻ ആരോപിക്കുന്നു.
പുലർച്ചെ 2:30 ഓടെ വിപിൻ ഗുപ്ത കുറച്ച് പണം ക്രമീകരിച്ചെങ്കിലും, ശസ്ത്രക്രിയയ്ക്ക് മുൻപായി പണം വേണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി ചികിത്സ നിഷേധിച്ചു. അവർക്ക് കഴിയില്ലെങ്കിൽ ഭാര്യയെ മറ്റെവിടെയെങ്കിലും കൊണ്ടുപോകാമെന്ന് പോലും അവരോട് പറഞ്ഞിരുന്നു. എന്നാൽ ആദ്യം പണം വേണമെന്ന നിലപാടിൽ അവർ ഉറച്ചുനിന്നെന്നും വിപിൻ പറയുന്നു. നവജാത ശിശു മരിച്ചതിനുശേഷം ഭാര്യയെ ആശുപത്രിയിൽ നിന്നും ഇറക്കിവിട്ടെന്നും വിപിൻ ഗുപ്ത ആരോപിച്ചു. തുടർന്നാണ് വിപിൻ കുഞ്ഞിൻ്റെ മൃതദേഹം കവറിലാക്കി ഡിഎമ്മിൻ്റെ അടുത്തെത്തിയത്.