
റായ്‌പൂർ: ഛത്തീസ്‌ഗഡിലെ റായ്പൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ ബജ്റങ് ദള്‍ പ്രതിഷേധം. പ്രാര്‍ഥനയ്ക്ക് എത്തിയവരെ ബജ്റങ് ദള്‍ പ്രവർത്തകർ മര്‍ദിച്ചെന്ന് വൈദികൻ പരാതി നൽകി. പെന്തക്കോസ്ത് സഭ ഒരു പാസ്റ്ററുടെ നേതൃത്വത്തിൽ പ്രാർഥന നടത്തുമ്പോഴാണ് ബജ്റങ് ദള്‍ പ്രവർത്തകർ ഇവിടെ സംഘടിച്ചെത്തി പ്രതിഷേധിച്ചത്.
തുടർന്ന് പ്രാർഥനയ്ക്ക് എത്തിയവരെയും വൈദികനെയും ഈ ഹിന്ദുത്വ വാദികൾ മർദിച്ചെന്നും ആരോപണമുയരുകയാണ്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പ്രദേശം ഇപ്പോഴും പൊലീസ് കാവലിലാണ്. റായ്‌പൂരിലെ കോകർ ബോഡ എന്ന സ്ഥലത്തെ പെന്തക്കോസ്ത് പ്രാർഥനാ സ്ഥലത്തേക്കാണ് ബജ്റങ് ദള്‍ പ്രവർത്തകർ ഇരച്ചെത്തിയത്.
ഇവിടെ മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ബജ്റങ് ദള്‍ പ്രവർത്തകർ തള്ളിക്കയറിയെത്തിയതും അക്രമണം നടത്തിയതും. കൂടാതെ ഹനുമാന്‍ ചാലിസ ചൊല്ലിക്കൊണ്ട് വീടിന് ചുറ്റും പ്രതിഷേധം സംഘടിപ്പിച്ചു.
മറ്റു സ്ഥലങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ ഇവിടെയെത്തിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാണ് ബജ്റങ് ദള്‍ പ്രവര്‍ത്തകരുടെ ആരോപണം. നൂറോളം പ്രവര്‍ത്തകരാണ് പ്രതിഷേധത്തിനായി ഇവിടെ ഒത്തുകൂടിയത്. തുടർന്ന് ഇരു വിഭാഗങ്ങളം തമ്മിൽ വാക്കേറ്റവുമുണ്ടായി.