
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ബെംഗളൂരുവില്‍ ആര്‍സിബിയുടെ വിജയാഘോഷത്തിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടിയടക്കം 11 പേരാണ് മരിച്ചത്. ഐപിഎല്‍ കിരീടത്തിനായുള്ള ടീമിന്റേയും ആരാധകരുടേയും പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന്റെ സന്തോഷമാണ് ദുരന്തത്തില്‍ ഇല്ലാതായത്.
ദുരന്തത്തില്‍ മരിച്ച മകനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ വിട്ടുതരണമെന്ന് അപേക്ഷിക്കുന്ന പിതാവിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 'ഞങ്ങളുടെ ഏകമകനാണ് പോയത്. അവനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ വിട്ടുതരണം, അവന്റെ ശരീരം കീറിമുറിക്കരുത്.' എന്നാണ് കരഞ്ഞുകൊണ്ടുള്ള പിതാവിന്റെ അപേക്ഷ.
വീട്ടില്‍ പറയാതെയാണ് മകന്‍ വിജയാഘോഷത്തിന് എത്തിയത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമെല്ലാം വീട്ടിലെത്തിയിരുന്നു. പക്ഷെ, ആര് വന്നാലും ഞങ്ങള്‍ക്ക് മകനെ തിരിച്ചു കിട്ടില്ലല്ലോയെന്നും പിതാവ് വേദനയോടെ പറയുന്നു.
അപകടത്തില്‍ മരിച്ച പതിനൊന്ന് പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ബോവ്റിങ്, വൈദേഹി ആശുപത്രികളില്‍ ചെന്ന് അപകടത്തില്‍ പരിക്കേറ്റവരെയും മരിച്ചവരുടെ ബന്ധുക്കളെയും സിദ്ധരാമയ്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മരിച്ചവര്‍ക്ക് അനുശോചനം അറിയിക്കുന്നതായും സിദ്ധരാമയ്യ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു.