ഡൽഹി: ഇന്നു മുതൽ രാജ്യമാകെ നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു. ബാങ്ക് യൂണിയൻ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ ആണ് താൽക്കാലികമായി സമരം മാറ്റിവെച്ചതായി ഔദ്യോഗികമായി അറിയിച്ചത്.
ഇന്നലെ രാത്രി ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷനുമായി നടത്തിയ ചർച്ചയിലാണ് സമരം മാറ്റിവെക്കാൻ തീരുമാനമായത്. സമരം പിൻവലിച്ചതോടെ രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ തടസമില്ലാതെ സാധാരണ നിലയിൽ ലഭിക്കും. ഇടപാടുകൾ, ചെക്ക് ക്ലിയറിങ് ഉൾപ്പെടെയുള്ള സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ബാങ്കുകൾക്ക് അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുന്നതിന് ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിൻ്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി. കൂടാതെ ബാക്കി പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്നും ഉറപ്പ് കിട്ടിയതോടെയാണ് സമരം താൽക്കാലികമായി പിൻവലിച്ചത്.