തമിഴ്നാട് വാൽപ്പാറയിൽ വന്യജീവി ആക്രമണത്തിൽ എട്ടുവയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടിയെ ആക്രമിച്ചത് പുലിയല്ല കരടി എന്ന് സ്ഥിരീകരണം. വനം വകുപ്പും ഡോക്ടർമാരും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇന്നലെ വൈകുന്നേരമാണ് ലയത്തിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന എട്ടു വയസ്സുകാരനെ കരടി ആക്രമിച്ചത്. വാൽപ്പാറ, വേവർലി എസ്റ്റേറ്റിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്.
അസം സ്വദേശികളായ ഇതര സംസ്ഥാന തൊഴിലാളികളുടെ മകൻ സർഫത്ത് അലിയുടെ മകൻ നൂറിൻ ഇസ്ലാമിനെയാണ് കരടി ആക്രമിച്ച് കൊലപ്പെടുത്തിയത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തിന്റെ പലഭാഗത്തും മാംസം ഉണ്ടായിരുന്നില്ല. ഇതോടുകൂടിയാണ് പുലി കുട്ടിയെ പിടിച്ചുകൊണ്ട് പോയി ആക്രമിച്ചതാകാമെന്ന നിഗമനത്തിലേക്ക് എത്തിയത്. മുഖത്ത് ഉണ്ടായിരിക്കുന്ന മുറിവ് കരടിയുടെ ആക്രമണരീതിയിലുള്ളതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
മരിച്ച കുട്ടിയുടെ കുടുംബത്തിന് തമിഴ്നാട് സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമിച്ച കരടിയെ പിടികൂടുന്നതിനായുള്ള ശ്രമം ആരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസവും വാൽപ്പാറയിൽ നാലു വയസുകാരിയെ പുലി കടിച്ചെടുത്ത് കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.