പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബിഇഎംഎൽ ലിമിറ്റഡിന് തദ്ദേശീയമായി നിർമിച്ച 150 യൂണിറ്റ് 6x6 ഹൈ മൊബിലിറ്റി വാഹനങ്ങളുടെ (HMV) വിതരണത്തിനായി 293.81 കോടിയുടെ ഓർഡർ ലഭിച്ചു. HMV വാഹനങ്ങൾ പ്രധാനമായും ബിഇഎംഎൽ ന്റെ പാലക്കാട്, മൈസൂർ പ്ലാന്റുകളിൽ നിർമ്മിക്കപ്പെടുന്നതാണ്. പ്രവർത്തന സൗകര്യാനുസൃതമായി മറ്റ് യൂണിറ്റുകളിലും നിർമാണം നടത്തും. 6x6 വാഹനങ്ങൾ അത്യന്തം പ്രയാസമുള്ള പരിസ്ഥിതികളിൽ സഞ്ചരിക്കാൻ രൂപകല്പന ചെയ്തിട്ടുള്ളതാണ്.
ഇൻഡിപെൻഡന്റ് സസ്പെൻഷൻ സിസ്റ്റം, ഹൈ പവർ എയർ കൂൾഡ് എഞ്ചിൻ, സെൻട്രൽ ടയർ ഇൻഫ്ലേഷൻ സിസ്റ്റം, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ബാക്ക്ബോൺ ട്യൂബ് ചാസിസ് ഡിസൈൻ എന്നിവ HMV വാഹനങ്ങളുടെ സവിശേഷതകളാണ്. ഈ സാങ്കേതിക സവിശേഷതകൾ മികച്ച മൊബിലിറ്റിയും സ്റ്റേബിലിറ്റിയും പ്രവർത്തനസുരക്ഷയും ഉറപ്പാക്കുന്നു. ഹൈ മൊബൈലിറ്റി വാഹനങ്ങൾ (HMV) പർവ്വത പ്രദേശങ്ങളിലും അതിശൈത്യ-ഉഷ്ണ കാലാവസ്ഥയിലും കാര്യക്ഷമമായി പ്രവർത്തിക്കാനാകുന്നതാണ്.
പ്രതിരോധ മന്ത്രാലയത്തിൽ നിന്നും ലഭിച്ച ഈ ഓർഡർ ഇന്ത്യയുടെ പ്രതിരോധ ഘടനയെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നുണ്ടെന്നും ദേശീയ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ബിഇഎംഎൽ ന്റെ കഴിവും സമർപ്പണവും തെളിയിക്കുന്നുവെന്ന് BEML ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശാന്തനു റോയ് പറഞ്ഞു.