

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 ല്‍ ഒരു സംഘം ആളുകള്‍ നിസ്‌കാരം നടത്തിയതില്‍ കര്‍ണാടക സര്‍ക്കാരിനെ കടന്നാക്രമിച്ച് ബിജെപി. വിമാനത്താവളത്തില്‍ വച്ച് നിസ്‌കരിച്ചതില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും സര്‍ക്കാരിന് ഇരട്ടത്താപ്പ് ആണെന്നും ബിജെപി ആരോപിച്ചു.
ആര്‍എസ്എസ് പഥ സഞ്ചലനം നടത്തിയപ്പോള്‍ എതിര്‍ത്ത സര്‍ക്കാര്‍ എന്തുകൊണ്ടാണ് മുസ്ലീം സമുദായാംഗങ്ങള്‍ നടത്തിയ നിസ്‌കാരത്തിനെതിരെ പ്രതികരിക്കാത്തതെന്ന് ബിജെപി ചോദിച്ചു.
ഒരു പൊതുജനങ്ങള്‍ക്ക് അനുമതിയില്ലാത്ത പ്രദേശത്ത് നിസ്‌കാരം നടത്തിയവര്‍ അതിന് എന്തെങ്കിലും മുന്‍കൂര്‍ അനുവാദം സ്വീകരിച്ചിരുന്നോ എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രി പ്രിയങ്ക് ഗാര്‍ഖെയും മറുപടി പറയണമെന്നും ബിജെപി കര്‍ണാടക യൂണിറ്റ് വക്താവ് വിജയ് പ്രസാദ് പറഞ്ഞു.
'ടി2 ടെര്‍മിനലിനകത്ത് കയറാന്‍ അവര്‍ക്ക് എങ്ങനെ അനുവാദം ലഭിച്ചു? സിദ്ധരാമയ്യയും പ്രിയങ്ക് ഗാര്‍ഖെയും അനുമതി നല്‍കിയതാണോ ഇതിന്? പ്രസാദ് എക്‌സില്‍ കുറിച്ചു.
'എയര്‍പോര്‍ട്ടിലെ ഹൈ സെക്യൂരിറ്റിയുള്ള സ്ഥലത്ത് നിസ്‌കരിക്കാന്‍ എന്തെങ്കിലും അനുമതി വാങ്ങിയിരുന്നോ? അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയ പഥ സഞ്ചലന (പ്രകടനം) നടത്താന്‍ ആര്‍എസ്എസിനെ അനുവദിച്ചില്ല. എന്നാല്‍ പൊതുജനങ്ങള്‍ക്ക് കടക്കാന്‍ കഴിയാത്ത സ്ഥലത്ത് ഇത്തരം കാര്യങ്ങള്‍ക്ക് കണ്ണടച്ച് അനുമതി നല്‍കുകയാണ്,' ബിജെപി ആരോപിച്ചു.
ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ ആളുകള്‍ നിസ്‌കരിച്ചതിന്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം തലപൊക്കിയത്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതികരിച്ചിരുന്നു. ഇതിനിടെയിലാണ് സര്‍ക്കാരിനെതിരെ ബിജെപി രംഗത്തെത്തിയത്.