ബെംഗളൂരു: മലയാളി വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയിയുടെ മരണത്തിൽ കേസെടുത്ത് പൊലീസ്. ബെംഗളൂരു അശോക് നഗർ പൊലീസാണ് കേസെടുത്തത്. ബെംഗളുരു സിറ്റി പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് സ്ഥലത്തെത്തി. കേസിൽ അന്വേഷണം ആരംഭിച്ചതായി സീമന്ത് കുമാർ സിങ് അറിയിച്ചു. ഇൻകം ടാക്സ് റെയ്ഡിനിടയിൽ സി.ജെ. റോയ് സ്വയം വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട്- മൂന്ന് ദിവസങ്ങളായി റോയിയുടെ സ്ഥാപനങ്ങളിൽ ഇൻകം ടാക്സ് റെയ്ഡ് പുരോഗമിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള സംഘമാണ് അന്വേഷണത്തിനായി എത്തിയത്. കൂടുതൽ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിദേശത്തുള്ള കുടുംബാംഗങ്ങളുമായി സ്ഥിതിഗതികൾ സംസാരിക്കുന്നുണ്ട്. അവർ ഇന്ന് രാത്രിയോടെ എത്തും. അവർ എത്തിക്കഴിഞ്ഞാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ എന്നും സീമന്ത് കുമാർ സിങ് അറിയിച്ചു.
ബെംഗളൂരുവിലെ ഓഫീസില്‍ ഇൻകം ടാക്സ് റെയ്ഡിനു പിന്നാലെയാണ് സി.ജെ. റോയിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ അശോക് നഗറിലെ ഓഫീസില്‍ വച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിലാണ് വെടിയേറ്റത്.
കേരളത്തിനകത്തും പുറത്തും ഗള്‍ഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി.ജെ. റോയ്. സിനിമാ നിർമാതാവ് കൂടിയാണ്. അനോമി, മരക്കാർ - അറബിക്കടലിന്റെ സിംഹം, കാസനോവ, ഐഡന്റിറ്റി, മേം ഹും മൂസ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ്.