
ബെംഗളൂരു: ശിവാജിനഗറിൽ വരാനിരിക്കുന്ന മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനായി കേന്ദ്രത്തോട് ശുപാർശ ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു. ശിവാജിനഗറിലെ സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന ഒരു ചടങ്ങിലാണ് സെന്റ് മേരി എന്ന പേര് ശുപാർശ ചെയ്യുമെന്ന് ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, പേര് മാറ്റുന്നതിനുള്ള ഔദ്യോഗിക തീയതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബസിലിക്കയുടെ നവീകരണത്തിന് ധനസഹായം നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ശിവാജിനഗർ ബസ് ഡിപ്പോയ്ക്ക് സമീപമാണ് ചരിത്ര പ്രസിദ്ധമായ സെന്റ് മേരീസ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്.
അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. രാഷ്ട്രീയ പ്രീണനത്തിനായി കോൺഗ്രസ് സർക്കാർ മറാത്ത ഐക്കണായ ശിവാജി മഹാരാജിനെ അപമാനിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. തീരുമാനം ശിവാജിയെ അപമാനിക്കുന്നതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പറഞ്ഞു. കർണാടക സർക്കാരിന്റെ നീക്കത്തെ അപലപിക്കുന്നു. 'ഡിസ്കവറി ഓഫ് ഇന്ത്യ' എന്ന പുസ്തകത്തിൽ ശിവാജിയെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയ കോൺഗ്രസ് ആ പാരമ്പര്യം തുടരുകയാണ്. തീരുമാനവുമായി മുന്നോട്ട് പോകാതിരിക്കാൻ സർവശക്തൻ സിദ്ധരാമയ്യയ്ക്ക് ബുദ്ധി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
ശിവാജിയോടുള്ള കോൺഗ്രസിന്റെ വെറുപ്പ് വെളിപ്പെടുത്തപ്പെടുത്തുന്നതാണ് തീരുമാനമെന്നാണ് ബിജെപി എംഎൽസി ചിത്ര വാഗ് ആരോപിച്ചത്. അതേസമയം, ബെംഗളൂരുവിന്റെ മെട്രോ സംവിധാനം വിഭാവനം ചെയ്ത നടൻ ശങ്കർ നാഗ് നഗരത്തെ മറ്റൊരു സിംഗപ്പൂരാക്കി മാറ്റണമെന്ന് സ്വപ്നം കണ്ടിരുന്നുവെന്നും പദ്ധതിക്കായി നൂതന സാങ്കേതികവിദ്യ പഠിക്കുന്നതിൽ നിക്ഷേപം നടത്തിയെന്നും സോഷ്യൽ മീഡിയയിൽ ചിലർ ഓർമിച്ചു. ശങ്കർ നാഗിന്റെ സംഭാവനകൾ ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ പേര് മെട്രോയിൽ ആദരിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തെ അവഗണിക്കുന്നത് അനീതിയാണെന്ന് പലരും അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന (യുബിടി) മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതുമെന്നും മെട്രോ സ്റ്റേഷന് ഛത്രപതി ശിവാജിയുടെ പേര് തന്നെ നൽകണമെന്ന് ആവശ്യപ്പെടുമെന്നും അറിയിച്ചു. പൊതുജനവികാരത്തെ മാനിക്കണമെന്നും രാഷ്ട്രീയം ഒഴിവാക്കണമെന്നും ആവശ്യപ്പെടും. ശിവാജിയെക്കുറിച്ച് സംസാരിക്കാൻ ബിജെപിക്ക് ധാർമികമായി അവകാശമില്ലെന്നും ശിവസേന വക്താവ് ആനന്ദ് ദുബെ പറഞ്ഞു. സഖ്യകക്ഷിയുമായി സംസാരിച്ച് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.