
ബിഹാര്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. 2025 നവംബര്‍ ആറിനും നവംബര്‍ 11നുമായി രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 14നായിരിക്കും വോട്ടെണ്ണൽ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആണ് വാര്‍ത്താസമ്മേളനത്തില്‍ തിയതി പ്രഖ്യാപിച്ചത്. തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടന്നതിന് ശേഷമുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ബിഹാറിലെ 243 അസംബ്ലി സീറ്റുകളിലേക്കാണ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുക.
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം പൂര്‍ത്തീകരിക്കാന്‍ സഹായിച്ചതിന് ബിഹാറിലെ വോട്ടര്‍മാരോട് ഗ്യാനേഷ് കുമാര്‍ നന്ദി പറഞ്ഞു. എല്ലാവരും വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്നും ഗ്യാനേഷ് കുമാര്‍ വോട്ടർമാരോട് അഭ്യർഥിച്ചു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തി. അന്തിമ വോട്ടര്‍പട്ടിക പുറത്തുവിട്ടു. ഇതുവരെ നടന്നതില്‍ ഏറ്റവും മികച്ച വോട്ടെടുപ്പായിരിക്കും ബിഹാറില്‍ ഇത്തവണ നടക്കുകയെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പ് മാതൃകാപരമായിരിക്കും. എല്ലാ ഉദ്യോഗസ്ഥരും നിഷ്പക്ഷമായി പ്രവർത്തിക്കും. വോളണ്ടിയർമാരും വീൽ ചെയർ സംവിധാനവും ഉണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
ആകെ 7.43 കോടി വോട്ടര്‍മാരാണ് ഉള്ളത്. അതില്‍ അഞ്ച് കോടി സ്ത്രീ വോട്ടര്‍മാരുണ്ട്. 14 ലക്ഷം പുതിയ വോട്ടര്‍മാരുണ്ട്. എല്ലാ പോളിംഗ് ബൂത്തിലും വെബ്കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. പോളിങ് സ്റ്റേഷനുകളില്‍ ഹെല്‍പ് ഡസ്‌കുകള്‍, റാംപ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. ഇവിഎമ്മിൽ സ്ഥാനാർഥികളുടെ കളർ ചിത്രമുണ്ടായിരിക്കും. ഭീഷണികള്‍ക്കും സ്വാധീനങ്ങള്‍ക്കും എതിരെ കൃത്യമായ നടപടിയെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.
38 എസ്‌സി സംവരണ സീറ്റുകളാണുള്ളത്, രണ്ട് എസ് ടി സംവരണ സീറ്റുകളും. 90712 പോളിങ് സ്റ്റേഷനുകളുമുണ്ടെന്ന് കമ്മീഷണര്‍ പറഞ്ഞു. പുതിയ വോട്ടര്‍മാര്‍ക്ക് പുതിയ വോട്ടര്‍ കാര്‍ഡുകള്‍ ആയിരിക്കും നല്‍കുക.