പാട്ന: ബിഹാർ വോട്ടർ പട്ടിക ക്രമക്കേടിൽ ഉപമുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് ഇരട്ടിപ്പ് ചൂണ്ടിക്കാട്ടിയാണ് ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായി വിജയ് കുമാർ സിൻഹയ്ക്ക് നോട്ടീസ് അയച്ചത്. സിൻഹയ്ക്ക് രണ്ട് സ്ഥലങ്ങളിൽ വോട്ടറായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രണ്ട് വോട്ടർ ഐഡിയുണ്ടെന്നും കോൺഗ്രസ് തെളിവ് സഹിതം പരാതി ഉന്നയിച്ചിരുന്നു.
രണ്ട് വ്യത്യസ്ത നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയതിന് വിശദീകരണം ആവശ്യപ്പെട്ടാണ് ബങ്കിപൂർ നിയമസഭാ മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ഉപമുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഓഗസ്റ്റ് 14 ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ മറുപടി നൽകാനാണ് നിർദേശം.
ശനിയാഴ്ച, ബിഹാർ കോൺഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാർ എക്സ് പോസ്റ്റിലൂടെയാണ് ഉപമുഖ്യമന്ത്രിക്കെതിരെ വോട്ട് ഇരട്ടിപ്പ് ആരോപണം ഉന്നയിച്ചത്. ലഖിസറായിയിലും പട്‌നയിലെ ബങ്കിപൂരിലും സിൻഹയുടെ പേര് ഉൾപ്പെടുത്തിയ കരട് വോട്ടർ പട്ടികയുടെ സ്‌ക്രീൻഷോട്ടുകളാണ് രാജേഷ് കുമാർ എക്സില്‍ പങ്കുവെച്ചത്. രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവും ഉപമുഖ്യമന്ത്രിക്കെതിരെ ഇരട്ടവോട്ട് ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍, താന്‍ ഒരിടത്ത് മാത്രമാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നാണ് സിന്‍ഹയുടെ വാദം. തേജസ്വി യാദവ് തെറ്റായ വസ്തുതകള്‍ നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും വിജയ് കുമാർ സിൻഹ ആരോപിച്ചു. തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിന് ആർജെഡി നേതാവ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.