ബിഹാർ: 1.75 കോടി സ്ത്രീ വോട്ടർമാർ, 19 പട്ടികജാതി മണ്ഡലങ്ങൾ, നാല് ജില്ലകളിൽ 11 മുസ്ലീം എംഎൽഎമാർ. രണ്ടാംഘട്ട ബിഹാർ തെരഞ്ഞെടുപ്പിലെ മൂന്ന് പ്രധാന ഘടകങ്ങളാണിത്. സീമാഞ്ചലിലെ നാല് ജില്ലകളിൽ മാത്രം ഒവൈസിയുടെ പാർട്ടി മത്സരിപ്പിക്കുന്നത് 15 സ്ഥാനാർഥികളെയാണ്. ഇതിന് പുറമേ പ്രശാന്ത് കിഷോറിന്റെ സ്ഥാനാർഥികളും. അതായത്, അടിയൊഴുക്കുകൾ പലതും രണ്ടാംഘട്ട വോട്ടെടുപ്പിലുണ്ടാകുമെന്ന് വ്യക്തമാണ്.
സീമാഞ്ചൽ മേഖലയിലെ മുസ്ലീം ജനസംഖ്യ 47 ശതമാനമാണ്. കിഷൻഗഞ്ച് ജില്ലയിലേത് 68 ശതമാനവും. സീമാഞ്ചലിൽ നിന്ന് 2020ൽ 11 മുസ്ലീം എംഎൽഎമാരുണ്ടായി. അരാരിയ, കിഷൻഗഞ്ച്, കൈത്തർ, പുർനിയ എന്നീ നാല് ജില്ലകളാണ് ഇത്തവണ അസദുദ്ദീൻ ഒവൈസിയുടെ മജ്‌ലിസ് പാർട്ടി കാര്യമായി ശ്രദ്ധിച്ചത്. 15 സ്ഥാനാർഥികളെയാണ് ഈ നാല് ജില്ലകളിൽ ഒവൈസി നിർത്തിയത്. ഇതിൽ മഹാഗഡ്ബന്ധന് ആശങ്കയുണ്ട്.
പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി മത്സരിക്കുന്നത് ചെറിയ തോതിൽ ബാധിക്കുമോ എന്ന ആശങ്ക എൻഡിഎയ്ക്കുമുണ്ട്. പിന്നാക്ക- മേൽജാതി സ്ഥാനാർഥികളുടെ ഇക്വേഷൻ ജൻ സുരാജ് പാർട്ടി കൃത്യമായി പരിഗണിച്ചതും പ്രാദേശിക മേഖലയിലെ പ്രമുഖ ഡോക്ടർമാരടക്കം സ്ഥാനാർഥികളായതും ജെഡിയു - ബിജെപി വോട്ടുകൾ ഇടിയുമോ എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ചും 1000 വോട്ടിന് മാത്രം കഴിഞ്ഞ തവണ ജയിച്ച നിരവധി സീറ്റുകളുള്ളതിനാൽ. 2020ലെ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ടം നടന്ന മേഖലകളിൽ 66 സീറ്റാണ് എൻഡിഎ സഖ്യം നേടിയത്. ഇതിൽ ബിജെപി 42ഉം ജെഡിയു 20ഉം സീറ്റ് നേടി.
രണ്ടാംഘട്ടത്തിൽ തൊഴിലാളി-കർഷക വോട്ടുകളിൽ വലിയ ആത്മവിശ്വാസമുള്ള മറ്റൊരു പാർട്ടി സിപിഐഎംഎൽ ആണ്. എംഎല്ലിന്റെ 20 സ്ഥാനാർഥികളിൽ 12 സിറ്റിങ് എംഎൽഎമാർ ഇത്തവണയും മത്സരിച്ചു. ഭരണവിരുദ്ധ തരംഗമുണ്ടെന്നും 140 സീറ്റോടെ മഹാഗഡ്ബന്ധൻ ബിഹാർ പിടിക്കുമെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടി ദിപാങ്കർ ഭട്ടാചാര്യ പറയുന്നു. കർഷക മേഖലയിലെ നല്ല ബന്ധവും ഗ്രാമീണരോട് ഇഴയടുപ്പമുള്ള നേതാക്കൾ മത്സരിക്കുന്നതുമാണ് മഹാഗഡ്ബന്ധന് എംഎൽ നൽകുന്ന പ്രതീക്ഷ. 19 പട്ടികജാതി മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിലുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ വിമർശനം തുടരുക തന്നെയാണ് ആർജെഡി. ഒന്നാംഘട്ടം നടന്ന് ഇത്ര ദിവസമായിട്ടും ആദ്യഘട്ട വോട്ടർമാരിലെ ലിംഗാടിസ്ഥാന പട്ടിക പുറത്തുവിടാത്തതിനെ തേജസ്വി യാദവ് വിമർശിച്ചു. ഈ കാലതാമസം ദുരൂഹമാണ്. കമ്മീഷൻ ഇതിന് മറുപടി പറയണമെന്നും തേജസ്വി ആവശ്യപ്പെട്ടു.