ബിഹാർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷവും കടന്ന് എൻഡിഎ മുന്നേറുകയാണ്. വോട്ടെണ്ണൽ ദിനത്തിന് മുന്നോടിയായി പ്രത്യക്ഷപ്പെട്ട ഒരു ഫ്ലക്സിലെ വാചകം അർഥവത്താക്കുന്ന തരത്തിലാണ് ഫലസൂചനകൾ. ഫ്ലക്സിലെ വാചകം ഇങ്ങനെയാണ്, 'ടൈഗർ സിന്ദാ ഹേ'. പട്നയിലെ ജെഡിയു ഓഫീസിന് മുന്നിലാണ് നിതീഷ് കുമാറിൻ്റെ ഈ കൂറ്റൻ ഫ്ലകസ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
ഇത്തരമൊരു ബോർഡ് സ്ഥാപിച്ചതിന് വ്യക്തമായൊരു കാരണമുണ്ട് ജെഡിയു പ്രവർത്തകർക്ക്. തെരഞ്ഞെടുപ്പിന് മുൻപ് പലപ്പോഴും അസുഖബാധിതനും ക്ഷീണിതനുമായി പ്രത്യക്ഷപ്പെട്ടിരുന്ന നിതീഷ് കുമാർ, തെരഞ്ഞെടുപ്പിനോട് അടുത്തപ്പോൾ അത്ഭുതകരമായാണ് തിരിച്ചുവന്നത്. ആ തിരിച്ചുവരവിൻ്റെ ശക്തി തന്നെയാണ് പ്രതിഫലിച്ചതെന്ന തരത്തിലാണ് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളും.
രാജ്യത്തെ ഭൂരിഭാഗം എക്സിറ്റ് പോളുകളും നിതീഷിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് തുടർച്ചയായ അഞ്ചാം തവണയും വൻ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചിച്ചത്. വോട്ടെടുപ്പ് അവസാനിച്ചപ്പോഴും വോട്ടെണ്ണലിനുമെല്ലാം തികഞ്ഞ ആത്മവിശ്വാസമാണ് നിതീഷ് ക്യാംപ് പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ എൻഡിഎ ക്യാമ്പിൽ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 500 കിലോഗ്രാം ലഡുവും, അഞ്ച് ലക്ഷം രസഗുളയും, 50000 പേർക്കുള്ള സദ്യയ്ക്കുമുള്ള സജ്ജീകരണങ്ങളാണ് ബിജെപി ഒരുക്കിയത്.
തികഞ്ഞ ആത്മവിശ്വാസം ആർജെഡിയും അവസാനനിമിഷം വരെയും പ്രകടിപ്പിക്കുന്നുണ്ട്. എക്സിറ്റ് പോൾ അല്ല, കൃത്യമായ പോൾ അനുസരിച്ചാണ് നമ്മൾ പോകുന്നതെന്ന് ആർജെഡി വക്താവ് പ്രിയങ്കാ ഭാരതി പറഞ്ഞു. എൻഡിഎ 162, മഹാഗഡ്ബന്ധൻ 77, മറ്റുള്ളവർ നാല് എന്നിങ്ങനെയാണ് നിലവിലെ വോട്ട് നില.