ദേശീയപാത നിർമാണത്തിനിടെ മരങ്ങൾ പറിച്ചെറിയുന്നത് കാണുമ്പോൾ അൽപം വിഷമം തോന്നാറുണ്ടല്ലേ? വികസനത്തിനായി പലപ്പോഴും മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരാറുണ്ട്. അതിന് പകരമായി മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ് ശാശ്വത പരിഹാരം. എന്നാൽ ബീഹാറിലെ കാര്യങ്ങൾ ഇത്തിരി വെറൈറ്റിയാണ്.
പുതുതായി നിർമിച്ച ഒരു റോഡിലൂടെ സഞ്ചരിക്കുന്നതായി സങ്കൽപ്പിക്കുക. കുഴികളില്ലാത്ത സുഗമമായ റോഡ്, ചെറിയ കാറ്റ്. ഒരു 100/110 സ്പീഡിൽ പറപ്പിക്കാമെന്നാണെങ്കിൽ ചെറിയൊരു പ്രശ്നമുണ്ട്. മരങ്ങൾ നിൽക്കുന്നത് റോഡിൻ്റെ ഒത്ത നടുവിലാണ്. ബൈക്ക് റൈഡിങ് ഗെയിമിലെ സ്ഥലമാണെന്ന് കരുതല്ലേ, സംഭവം ബീഹാറിലെ ജെഹനാബാദിലാണ്. 100 കോടി രൂപയോളം മുടക്കി നിർമിച്ച റോഡിന് നടുവിലാണ് കൂറ്റൻ മരങ്ങൾ നിൽക്കുന്നത്.
പട്‌ന-ഗയ മെയിൻ റോഡിലെ ജെഹനാബാദിൽ, 7.48 കിലോമീറ്റർ നീളമുള്ള റോഡിന്റെ ഒത്ത നടുക്ക് മരങ്ങൾ ഉയർന്നു നിൽക്കുകയാണ്. അതിനാൽ റോഡിൽ അപകടങ്ങളും പതിവാണ്. എന്നാൽ എന്തായിരിക്കും റോഡിന് നടുവിൽ മരങ്ങളുണ്ടാകാൻ കാരണം?
ജില്ലാ ഭരണകൂടവും വനംവകുപ്പും തമ്മിലുണ്ടായ തർക്കമാണ് ഇതിന് പിന്നിൽ. ജില്ലാ ഭരണകൂടം റോഡിന് വീതി കൂട്ടാനായുള്ള 100 കോടി രൂപയുടെ പദ്ധതി ഏറ്റെടുത്തു. മരം മുറിക്കാൻ അനുമതി തേടി വനംവകുപ്പിനെ സമീപിക്കുകയും ചെയ്തു. എന്നാൽ അവരുടെ ആവശ്യം നിരസിക്കപ്പെട്ടു.
മരം മുറിക്കുന്നതിന് പകരം 14 ഹെക്ടർ വനഭൂമിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടത്തിന് വനംവകുപ്പിൻ്റെ ആവശ്യം നിറവേറ്റാൻ കഴിഞ്ഞില്ല. പിന്നാലെയാണ് ജില്ലാ ഭരണകൂടം ഒരു വിചിത്രമായ നീക്കം നടത്തിയത്. അവർ ഒരു മരം പോലും മുറിച്ച് നീക്കിയില്ല. മറിച്ച് മരങ്ങൾക്ക് ചുറ്റും റോഡ് നിർമിച്ചു!
നേർരേഖയിൽ ഡ്രൈവർമാർക്ക് ഒഴിവാക്കി പോകാൻ കഴിയുന്ന രീതിയിലല്ല മരങ്ങൾ നിലനിൽക്കുന്നത്. അതിനാൽ തന്നെ റോഡുകളിൽ അപകടം പതിവാകുകയാണെന്ന് നാട്ടുകാർ പറയുന്നു. 100 കോടി രൂപയ്ക്ക് മരണം ക്ഷണിച്ചുവരുത്തുന്ന നിലപാടാണ് ജില്ലാ ഭരണകൂടത്തിൻ്റേത്. മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ലാ ഭരണകൂടം ഒരു നടപടിയും സ്വീകരിക്കുന്നുമില്ല.
പൊതുജനത്തെ മാനിക്കാതെയുള്ള ഇത്തരം വിചിത്രമായ നടപടികൾ ഭരണകൂടത്തിൻ്റെ അനാസ്ഥ തന്നെയാണ് വ്യക്തമാക്കുന്നത്. സുഗുമമായ ഹൈവേയിൽ പോലും വലിയ അപകടങ്ങൾ നടക്കുന്ന ഇക്കാലത്ത്, മരങ്ങൾക്കിടയിലൂടെ വണ്ടി ഓടിച്ച് വലിയ അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ ആരായിരിക്കും ഉത്തരവാദിയെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.