പട്ന: ബിഹാറില്‍ ഹോസ്റ്റല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ വിദ്യാർഥിയുടെ മരണത്തില്‍ നിർണായക റിപ്പോർട്ട് പുറത്ത്. യുവതി ലൈംഗിക പീഡനത്തിനിരയായെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവരുന്നത്. ഫോറന്‍സിക് പരിശോധനയില്‍ യുവതിയുടെ വസ്ത്രത്തില്‍ പുരുഷ ബീജത്തിന്‍റെ സാന്നിധ്യം കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് കേസില്‍ കസ്റ്റഡിയിലുള്ള ഹോസ്റ്റല്‍ ഉടമയുടെ അടക്കം ഡിഎന്‍എ പരിശോധന നടത്തുമെന്ന് എസ്ഐടി സംഘം അറിയിച്ചു. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു. അധികൃതർ ഇത് മറച്ചുവെക്കാൻ ശ്രമിച്ചുവെന്നും അവർ ആരോപിച്ചു.
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 18കാരിയെ കഴിഞ്ഞമാസമാണ് പട്നയിലെ സ്വകാര്യ ഹോസ്റ്റലിലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കോമയിലായിരുന്ന പെണ്‍കുട്ടി ജനുവരി 11ന് മരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ കൃത്യവിലോപമുണ്ടായെന്ന് കണ്ടെത്തിയതിന് തുടർന്ന് പട്ന പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരെ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളും ശരീരത്തിൽ നഖം കൊണ്ടതിന്റെ പാടുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കുട്ടിയുടെ മരണത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പിന്നാലെ ഹോസ്റ്റൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.