

ദർഭംഗ: പ്രശസ്ത ഗായികയും ബിജെപി എംഎൽഎയുമായ മൈഥിലി താക്കൂറിന്റെ കുടുംബം ദർഭംഗ ജില്ലയിൽ സർക്കാർ റോഡ് കയ്യേറി നിർമ്മിച്ച ചുറ്റുമതിൽ ബിഹാർ റവന്യൂ ഉദ്യോഗസ്ഥർ പൊളിച്ചുനീക്കി. പൊതുവഴി തടസ്സപ്പെടുത്തി നിർമ്മാണം നടത്തിയെന്ന പരാതിയെത്തുടർന്നായിരുന്നു ഭരണകൂടത്തിന്റെ നടപടി.
ദർഭംഗ ജില്ലയിലെ താർഡിഹ് ബ്ലോക്കിലെ പൊഖർഭിണ്ഡ പഞ്ചായത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. എംഎൽഎ മൈഥിലി താക്കൂറിന്റെ കുടുംബം സർക്കാർ റോഡ്, ഗ്രാമദേവതയായ 'തിവാരി ബാബ'യുടെ സ്ഥലം, രാധാകൃഷ്ണ ക്ഷേത്ര ഭൂമി, പൊതു ശ്മശാന ഭൂമി, കുളത്തിലെ ഓട എന്നിവയും ചില വ്യക്തികളുടെ സ്വകാര്യ ഭൂമിയും അനധികൃതമായി കയ്യേറി മതിൽ നിർമ്മിച്ചുവെന്നായിരുന്നു നാട്ടുകാരുടെ പ്രധാന ആരോപണം. കയ്യേറ്റം മൂലം പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യവും സ്വാഭാവിക നീരൊഴുക്കും തടസ്സപ്പെട്ടതായി കാണിച്ച് നാട്ടുകാർ മുഖ്യമന്ത്രിയുടെ ഓഫീസിലും സംസ്ഥാന സർക്കാരിന്റെ 'സഹയോഗ്' പോർട്ടലിലും പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ലാൻഡ് റിഫോംസ് ഡെപ്യൂട്ടി കളക്ടർ അജയ് കുമാർ, സർക്കിൾ ഓഫീസർ അലോക് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പ്രദേശവാസികളുടെ സാന്നിധ്യത്തിൽ ഭൂമി അളന്നു തിട്ടപ്പെടുത്തി. പ്രാഥമിക പരിശോധനയിൽ തന്നെ സർക്കാർ റോഡിൽ കയ്യേറ്റം നടന്നിട്ടുണ്ടെന്ന് വ്യക്തമായതോടെ, റോഡിൽ നിർമ്മിച്ചിരുന്ന ഫ്ലൈ ആഷ് ഇഷ്ടികകളും കൽത്തൂണുകളും തൊഴിലാളികളെ ഉപയോഗിച്ച് ഉദ്യോഗസ്ഥർ പൊളിച്ചുനീക്കി പൊതുജനങ്ങൾക്കായി സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു.
സ്വകാര്യ ഭൂമി കയ്യേറിയെന്നതടക്കമുള്ള മറ്റ് പരാതികളിൽ ശനിയാഴ്ച സർക്കിൾ ഓഫീസിൽ ഹാജരാകാൻ പരാതിക്കാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും, രേഖകൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഡി സി എൽ ആർ അജയ് കുമാർ വ്യക്തമാക്കി. അതേസമയം, കുടുംബത്തിനെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ പക്കൽ കൃത്യമായ രേഖകളുണ്ടെന്നും എം എൽ എ മൈഥിലി താക്കൂർ പ്രതികരിച്ചു. ആരോപണവിധേയമായ ഭൂമി നിയമപരമായി വിലകൊടുത്തു വാങ്ങിയതാണെന്ന് മൈഥിലി താക്കൂറിന്റെ പിതാവ് രമേഷ് താക്കൂർ കൂട്ടിച്ചേർത്തു.