

അമരാവതി: രാത്രി മുഴുവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട് ഉറങ്ങാന്‍ കിടന്ന കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ആന്ധ്രപ്രദേശിലെ അന്നമയ്യ ജില്ലയിലാണ് ദാരുണമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ബൈക്കില്‍ നിന്നുള്ള പുക ശ്വസിച്ചാണ് നാല് പേരും ശ്വാസംമുട്ടി മരിച്ചത്.
ശനിയാഴ്ച രാത്രി പുങ്കനൂര്‍ ടൗണിലെ ത്യാഗരാജ സ്ട്രീറ്റിലാണ് നാടിനെ നടുക്കിയ സംഭവം. മുത്തച്ഛനും മൂന്ന് പേരക്കുട്ടികളുമാണ് മരണപ്പെട്ടത്. രാമചന്ദ്രന്‍ (70), ഇരട്ടക്കുട്ടികളായ ചരിത, ചന്ദന (8), കാര്‍ത്തിക (15) എന്നിവരാണ് മരിച്ചത്.
കുട്ടികളുടെ പിതാവ് മുരളിയുടെ ബൈക്കില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചായിരുന്നു അപകടം. സ്ഥലത്ത് സലൂണ്‍ നടത്തി വരികയായിരുന്നു മുരളി. തന്റെ ബൈക്ക് ശനിയാഴ്ച സര്‍വീസിന് നല്‍കിയിരുന്നു.
എന്‍ജിന്‍ പണി കഴിഞ്ഞ ബൈക്ക് രാത്രി മുഴുവന്‍ സ്റ്റാര്‍ട്ട് ചെയ്ത് വെക്കാന്‍ മെക്കാനിക്ക് നിര്‍ദ്ദേശിച്ചിരുന്നു.
ഇതുപ്രകാരമാണ് മുരളി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഉറങ്ങാന്‍ കിടന്നത്. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട ശേഷം രാത്രി ഉറങ്ങുന്നതിനു മുമ്പ് ജനലുകളും വാതിലുകളുമെല്ലാം അടച്ചു. മുരളിയും ഭാര്യയും വീടിന്റെ ടെറസിലായിരുന്നു ഉറങ്ങിയിരുന്നത്. മക്കളായ കാര്‍ത്തിക്കും ചരിതയും ചന്ദനയും മുത്തച്ഛനൊപ്പം വീട്ടിനുള്ളിലായിരുന്നു.
അടച്ചിട്ട മുറിക്കുള്ളില്‍ ബൈക്കില്‍ നിന്നുള്ള പുക (കാര്‍ബണ്‍ മോണോക്‌സൈഡ്) നിറഞ്ഞതോടെ ഉറക്കത്തില്‍ തന്നെ നാലുപേരും ശ്വാസംമുട്ടി മരിക്കുകയായിരുന്നു. രാവിലെയാണ് സംഭവം പുറംലോകമറിഞ്ഞത്.