പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം ഇന്ന്. രാവിലെ 10 മണിക്ക് എ ഐ സി സിയുടെ പുതിയ ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് വാർത്താ സമ്മേളനം. വോട്ടുചോരി എന്ന ആറ്റംബോംബിന് ശേഷം ഇന്ന് രാഹുൽഗാന്ധി ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമോ എന്നതാണ് രാജ്യം ഉറ്റു നോക്കുന്നത്. താൻ ഹൈഡ്രജനും പൊട്ടിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖം മറയ്ക്കാതെ പുറത്തിറങ്ങാൻ കഴിയില്ല എന്ന് രാഹുൽഗാന്ധി ബീഹാറിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ തന്റെ 75ാം ജന്മദിനം ആഘോഷിച്ച വേളയിലാണ് രാഹുൽഗാന്ധി പത്രസമ്മേളനം വിളിച്ചു ചേർത്തിരിക്കുന്നത് എന്നത് യാദൃശ്ചികമല്ല. രാഹുൽഗാന്ധി ഇന്നു പൊട്ടിക്കുന്നത് ഹൈഡ്രജൻ ബോംബ് ആയിരിക്കില്ല നനഞ്ഞ ഓലപ്പടക്കം ആയിരിയും എന്നാണ് ബിജെപി ആരോപിക്കുന്നത്.
എത്രതന്നെ നിസാരമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞാലും പ്രതിപക്ഷ നേതാവിന്റെ പ്രത സമ്മേളനം ബിജെപി ക്യാമ്പിൽ അസ്വസ്ഥത ഉയർത്തും എന്ന കാര്യത്തിൽ തർക്കമില്ല. വോട്ടു ചോരി വിഷയം ഉയർന്നതോടെ ശക്തമായ പ്രതിരോധം തീർക്കേണ്ട സ്ഥിതിയിലാണ് ബിജെപി നിലവിൽ. പ്രധാന മന്ത്രി മോദിയുടെ പിറന്നാൾ ആഘോഷത്തിന്റെ ആലസ്യം മാറും മുൻപേ രാഹുലിന്റെ വെളിപ്പെടുത്തലുകൾ വലിയ തിരിച്ചടിയാകുമോ എന്ന ആശങ്കയും നേതാക്കൾക്കുൾപ്പെടെ ഉണ്ട്.