"ഇന്ത്യയുടെ ജനാധിപത്യത്തിന് ഹാനികരം"; രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണത്തിനെതിരെ ബിജെപി

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് ബിജെപി വിമർശനം
rahul gandhi Vote Chori
രാഹുൽ ഗാന്ധി, അമിത് മാളവ്യയുടെ എക്സ് പോസ്റ്റ്Source: ANI, X
Published on

ഡൽഹി: രാജ്യത്ത് വോട്ടർ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് ബിജെപി വിമർശനം. ആരോപണങ്ങളിൽ ഔദ്യോഗികമായി സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങള്‍ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ രാഹുൽ എന്തുകൊണ്ട് സത്യവാങ്മൂലം സമർപ്പിക്കുന്നില്ലെന്ന് ചോദിച്ച ബിജെപി മീഡിയ സെൽ മേധാവി അമിത് മാളവ്യ, ഇതൊരു വ്യാജ കേസാണെന്നും വാദിച്ചു.

"രാഹുൽ ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സത്യവാങ്‌മൂലം സമർപ്പിക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ, ഇത് യഥാർഥ കേസല്ലെന്നത് വ്യക്തമാകും. വസ്തുതകൾ മറയ്ക്കാനും, ജനങ്ങളുടെ മനസ്സിൽ സംശയങ്ങൾ വെച്ചുപിടിപ്പിച്ച്, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടത്താൻ നിയോഗിക്കപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താനും മാത്രമാണ് ഇത്തരം രാഷ്ട്രീയ നാടകങ്ങൾ നടത്തുന്നത്. ഇത്തരം പെരുമാറ്റം അശ്രദ്ധവും നമ്മുടെ ജനാധിപത്യത്തിന് ഹാനികരവുമാണ്," അമിത് മാളവ്യ എക്സിൽ കുറിച്ചു.

rahul gandhi Vote Chori
'വോട്ട് ചോരി' ആരോപണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഇൻഡ്യാ സഖ്യം; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ ഇന്ന് പ്രതിഷേധ റാലി

ആരോപണത്തിന് പിന്നാലെ ഔദ്യോഗികമായി സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങള്‍ സമർപ്പിക്കാൻ കർണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശിച്ചിരുന്നു. തുടർ നടപടികള്‍ ആരംഭിക്കാനാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് കത്തില്‍ പറയുന്നത്. രാഹുല്‍ ഗാന്ധി വാർത്താ സമ്മേളനത്തില്‍ എടുത്തുകാട്ടിയ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍, വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരായവരുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഒപ്പിട്ട സത്യവാങ്മൂലത്തിനൊപ്പം സമർപ്പിക്കാനാണ് നിർദേശം. സത്യവാങ്മൂലത്തിന്റെ മാതൃകയും ലോക്‌സഭാ പ്രതിപക്ഷ നേതാവിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ചു നല്‍കി.

അതേസമയം വോട്ടർ പട്ടിക ക്രമക്കേടിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് ഇൻഡ്യാ സഖ്യം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ ഇന്ന് പ്രതിഷേധ റാലി സംഘടിപ്പിക്കും. ഒരു ലക്ഷത്തിലധികം പേർ റാലിയുടെ ഭാഗമാകുമെന്നാണ് സൂചന. ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഷിബു സോറന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ച റാലിയാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പുറത്തുവിട്ട വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച തെളിവുകൾ ഇന്നത്തെ റാലിക്ക് ശേഷം നടക്കുന്ന പൊതുപരിപാടിയിലും കോൺഗ്രസ് ഉന്നയിക്കും. റാലിയോട് അനുബന്ധിച്ച് ബെംഗളൂരുവിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com