

ഡൽഹി: പാർലമെൻ്റിലെ പ്രതിപക്ഷ നേതാവും മകനുമായ രാഹുൽ ഗാന്ധി നേരിട്ടത്ര ക്രൂര മാനസിക പീഡനമെന്ന് സോണിയാ ഗാന്ധി. രാഷ്ട്രീയത്തിൽ വന്ന കാലം മുതലേ രാഹുലിനെ ബിജെപി നിശിതമായി വേട്ടയാടിയെന്നും മാനസികമായി തകർത്ത് രാഹുലിനെ രാഷ്ട്രീയത്തിൽ നിന്ന് നിഷ്കാസിതൻ ആക്കാനായിരുന്നു ശ്രമമെന്നും ഇന്ന് പുറത്തിറങ്ങിയ ആത്മകഥയായ 'ബിലോംഗിംഗ്: എ ജേർണി ഓഫ് ലവി'ൽ സോണിയ വിവരിച്ചു.
രാഹുൽ ഗാന്ധി ഉച്ചരിക്കുന്ന ഓരോ വാക്കും വളച്ചൊടിക്കാൻ ബിജെപി ഉത്സാഹിച്ചെന്നും സാമൂഹിക മാധ്യമങ്ങളിൽ രാഹുലിനെ പരിഹസിക്കാൻ വേണ്ടി മാത്രം ട്രോളുകൾ നിർമിച്ചതായും സോണിയ പറഞ്ഞു. അറിവും കഴിവുമില്ലാത്തവനായി ചിത്രീകരിച്ചും ഇരട്ടപ്പേരുകൾ വിളിച്ചും രാഹുലിനെ തകർക്കാൻ ശ്രമിച്ചു. രാഹുൽ അന്ന് സഹിക്കേണ്ടി വന്ന ആക്രമണത്തിൻ്റെ ആഴം കണ്ട് തൻ്റെ ഉള്ള് തകർന്നുപോയി. ഇത് പൂർണമായും പണം നൽകി നടത്തിയ പ്രചാരണം ആയിരുന്നുവെന്നും സോണിയ ഗാന്ധി ഓർത്തെടുത്തു.
കൂടാതെ കേസുകളിൽ കുടുക്കിയിടാനും ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായെന്നും സോണിയ പറഞ്ഞു. "രാഹുലിനെതിരെ ബിജെപി ഒരേ സമയം ആരോപണം ഉന്നയിക്കുന്നയാളും വിചാരണക്കോടതിയുമായി. കോടതികളിൽ നിന്ന് കോടതികളിലേക്ക് രാഹുലിനെ ഓടിക്കാനായിരുന്നു ശ്രമം. സമ്മർദ്ദത്തിന് അടിമയാക്കി രാഹുലിനെ സ്വയം തകർന്നടിയാൻ വിടുക എന്നതായിരുന്നു തന്ത്രം. ഈ ക്രൂരമായ ആക്രമണത്തിൽ നിന്ന് ശ്രദ്ധ തിരിയാൻ രാഹുൽ പലവിധവും ശ്രമിച്ചു. ആത്മീയ യാത്രകളും ആയോധന പരിശീലനവുമെല്ലാം നടത്തിയത് ഇതിനു വേണ്ടിയായിരുന്നു," സോണിയാ ഗാന്ധി 'ബിലോംഗിംഗ്: എ ജേർണി ഓഫ് ലവി'ൽ കുറിച്ചു.