കൊൽക്കത്ത: തൃണമൂൽ നേതാക്കളുടെ താളത്തിനൊത്ത് തുള്ളരുതെന്ന് സർക്കാർ ഉദ്യോഗസ്ഥരോട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. നിലവിലെ തൃണമൂൽ സർക്കാരിൻ്റെ നാളുകൾ എണ്ണപ്പെട്ടു എന്നും, പശ്ചിമ ബംഗാളിനെ പുരോഗതിയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം ബിജെപി ഏറ്റെടുക്കുന്ന ദിവസങ്ങൾ വിദൂരമല്ലെന്നും നിതിൻ നബിൻ പറഞ്ഞു.
"നിങ്ങൾ ഭരണപരമായി ഉദ്യോഗസ്ഥരാണ്. അതിനാൽ ജനങ്ങൾക്കൊപ്പം നിൽക്കുക. പശ്ചിമ ബംഗാളിലെ ജനങ്ങൾ റിവേഴ്സ് കൗണ്ടിങ് ആരംഭിച്ച് കഴിഞ്ഞു. പശ്ചിമ ബംഗാളിനെ പുരോഗതിയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം ബിജെപി ഏറ്റെടുക്കുന്ന ദിവസങ്ങൾ വിദൂരമല്ല", നിതിൻ നബിൻ വ്യക്തമാക്കി.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കുന്നതാണ് മുഖ്യമന്ത്രിക്ക് വിഷമം ഉണ്ടാക്കുന്നതെന്നും, ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാർക്ക് ഈ നാട്ടിൽ താമസിക്കാൻ യാതൊരു അവകാശവുമില്ലെന്നും നിതിൻ നബിൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിലെ തൃണമൂൽ കോൺഗ്രസ് നേതാവും അംഗങ്ങളും വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. അധികാരത്തിൽ വന്നതിനുശേഷം നിരവധി സംസ്ഥാനങ്ങളിലെ ജംഗിൾരാജ് അവസാനിപ്പിച്ചു. അതിനാൽ പശ്ചിമ ബംഗാളിലും ഞങ്ങൾ അത് അവസാനിപ്പിക്കും. ബിജെപി അധികാരത്തിൽ വന്നാൽ അഴിമതി നടത്തിയ എല്ലാവർക്കുമെതിരെ നടപടിയെടുക്കുമെന്നും നിതിൻ നബിൻ കൂട്ടിച്ചേർത്തു.