അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാര്‍. വിവര ശേഖരണ പ്രക്രിയ പ്രതിസന്ധിയിലെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ബ്ലാക് ബോക്‌സ് പരിശോധനക്കായി വിദേശത്തേക്ക് അയക്കുമെന്നും റിപ്പോര്‍ട്ട്. കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറും (എന്നീ രണ്ട് ഡിവൈസുകള്‍) അടങ്ങുന്നതാണ് ബ്ലാക്ക് ബോക്‌സ്. പരിശോധിക്കുന്നതിനായി വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിലേക്ക് അയക്കുമെന്നാണ് വിവരം.
യുഎസിലേക്ക് ബ്ലാക്ക് ബോക്‌സ് അയക്കുന്നതിനൊപ്പം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടാകും. പ്രോട്ടോകോള്‍ എല്ലാം പാലിച്ചുകൊണ്ടാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് എന്ന് ഉറപ്പിക്കാനാണ് ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ കൂടി ഒപ്പം പോകുന്നത്.
കോക്പിറ്റ് വോയിസ് റെക്കോര്‍ഡറിന് ഒരു വിമാനത്തിന്റെ 25 മണിക്കൂര്‍ വരെയുള്ള കോക്പിറ്റിലെ സംഭാഷണങ്ങള്‍, ശബ്ദങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) മായുള്ള റേഡിയോ കോള്‍ എന്നിവ പകര്‍ത്താന്‍ സാധിക്കും.
എയര്‍ ഇന്ത്യ AI171 ഡ്രീംലൈനര്‍ വിമാനം ജൂണ്‍ 12ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കകമാണ് തകര്‍ന്ന് വീണത്. ലണ്ടണിലെ ഗാറ്റ്‌വിക്കിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. വിമാനം പതിച്ചത് അഹമ്മദാബാദിലെ മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ്. ഹോസ്റ്റലിലെ വിദ്യാര്‍ഥികളും ഇതിന് സമീപ പ്രദേശത്തുണ്ടായിരുന്നവരും വിമാനത്തിലെ അംഗങ്ങളുമടക്കം 279 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.