
ഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തെ തുടർന്ന് ബോയിംഗ് വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പരിശോധന നടത്താൻ നിർദേശം. ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ആണ് നിർദേശം പുറപ്പെടുവിച്ചത്. ജൂലൈ 21-നകം പരിശോധന പൂർത്തിയാക്കണമെന്ന് ഡിജിസിഎ അറിയിച്ചു. പരിശോധന പൂർത്തിയാക്കിയതിന് ശേഷമുള്ള റിപ്പോർട്ടും സമർപ്പിക്കണം.
കഴിഞ്ഞ ദിവസമാണ് 260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാനാപകടത്തിലെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകടത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നാലെയാണ് അടിയന്തര നടപടിയുമായി ഡിജിസിഎ രംഗത്തെത്തിയിരിക്കുന്നത്.
ബോയിംഗ് ജെറ്റുകള്‍ സര്‍വീസ് നടത്തുന്ന ആഭ്യന്തര വിമാനക്കമ്പനികള്‍ വിമാനങ്ങളിലെ എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം നിയന്ത്രിക്കുന്ന സ്വിച്ചുകള്‍ പരിശോധിക്കണമെന്നാണ് ഡിജിസിഎയുടെ നിർദേശം. 2018-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കൗണ്ടർപാർട്ടായ ഫെഡറൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനും, ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിംഗ് സിസ്റ്റത്തിലെ തകരാറുകളും പരിഗണിച്ചാണ് ഡിജിസിഎയുടെ നടപടി. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എല്ലാ ബോയിംഗ് വിമാനങ്ങളും നിർബന്ധമായി പരിശോധന നടത്തണമെന്ന് ഡിജിസിഎ അറിയിച്ചു.
എയർ ഇന്ത്യയും ഇൻഡിഗോയും മാത്രമാണ് നിലവിൽ ഡ്രീംലൈനർ വിമാനങ്ങൾ ഉപയോഗിക്കുന്നത്. എയർ ഇന്ത്യയിൽ 787-8, 9 വേരിയന്റുകൾ ഉൾപ്പെടെ ഏകദേശം 30 വിമാനങ്ങളുണ്ട്. എയർ ഇന്ത്യ തങ്ങളുടെ 50 ശതമാനത്തോളം ഡ്രീംലൈനർ വിമാനങ്ങളുടെ പരിശോധന പൂർത്തിയാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച മുതൽ ആരംഭിച്ച പരിശോധനയിൽ എവിടെയും ഇന്ധന സ്വിച്ചിന്റെ ലോക്കിംഗ് സംവിധാനത്തിൽ ഒരു തകരാറും കണ്ടെത്തിയിട്ടില്ല.
ജൂൺ 12നാണ് രാജ്യത്തെ ഞെട്ടിച്ച വിമാനാപകടം ഉണ്ടായത്. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീം ലൈനര്‍ വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തകർന്നുവീണത്. 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്.
വിമാനം ജനവാസ മേഖലയിൽ തകർന്ന് വീണുണ്ടായ അപകടത്തിൽ ആകെ 275 പേര്‍ കൊല്ലപ്പെട്ടതായിരുന്നു ഗുജറാത്ത് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇവരില്‍ 241 പേര്‍ വിമാനയാത്രികരായിരുന്നു. 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും സമീപപ്രദേശങ്ങളിലും ഉണ്ടായിരുന്നവരാണ്. ഒരേയൊരു യാത്രക്കാരൻ മാത്രമാണ് ദുരന്തത്തിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.