മുംബൈ: ഗാസയിലെ വംശഹത്യക്കെതിരെ പ്രതിഷേധ റാലി നടത്താൻ അനുമതി തേടിയുള്ള സിപിഐഎം ഹർജി ബോംബെ ഹൈക്കോടതി തള്ളി. ആസാദ് മൈതാനിയിൽ പ്രതിഷേധം നടത്താൻ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് സിപിഐഎം കോടതിയെ സമീപിച്ചത്.
ഗാസയിലും പലസ്തീനിലും ശ്രദ്ധിക്കുന്നവർ സ്വന്തം രാജ്യത്തിൻ്റെ പ്രശ്നങ്ങൾ കാണുന്നില്ലെന്നും, ഇത് രാജ്യസ്നേഹമല്ലെന്നും കോടതി നിരീക്ഷിച്ചു. അനേകായിരം മൈലുകൾക്ക് അകലെയുള്ള പ്രശ്നങ്ങൾക്ക് പകരം ഇന്ത്യയെ ബാധിക്കുന്ന കാര്യങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതി വാക്കാൽ പരാമർശിച്ചു. ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അൻഖാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.
"നമ്മുടെ രാജ്യത്ത് നിരവധി പ്രശ്‌നങ്ങളുണ്ട്... ഇതുപോലുള്ള ഒന്നും നമുക്ക് വേണ്ട. ഇങ്ങനെ പറയേണ്ടി വന്നതിൽ എനിക്ക് ഖേദമുണ്ട്, നിങ്ങളെല്ലാം ഹ്രസ്വദൃഷ്ടിയുള്ളവരാണ്... നിങ്ങൾ ഗാസയെയും പലസ്തീനെയും നോക്കുകയാണ്... എന്തുകൊണ്ട് നിങ്ങൾക്ക് നമ്മുടെ സ്വന്തം രാജ്യത്തിനായി എന്തെങ്കിലും ചെയ്തുകൂടാ... ദേശസ്‌നേഹികളാകൂ... ഗാസയ്ക്കും പലസ്തീനിനും വേണ്ടി സംസാരിക്കുന്നത് ദേശസ്‌നേഹമല്ല... നമ്മുടെ സ്വന്തം രാജ്യത്തിനായി സംസാരിക്കുക...പ്രസംഗിക്കുന്നത് പ്രാവർത്തികമാക്കുക...," ജസ്റ്റിസ് ഗുഗെയെ ഉദ്ധരിച്ച് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
സിപിഐഎം ആരോഗ്യ, വിദ്യാഭ്യാസ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരുന്നതായി നിരീക്ഷണത്തിന് സിപിഐഎം അഭിഭാഷകന്‍ മിഹിർ ദേശായി പറഞ്ഞു. ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള മിഡിൽ ഈസ്റ്റിൽ നടക്കുന്ന പ്രശ്നത്തിനെതിരെ പാർട്ടി പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് ബെഞ്ച് പിന്നീട് ജിജ്ഞാസ പ്രകടിപ്പിച്ചു. സാധാരണക്കാരെ ബാധിക്കാത്ത വിഷയങ്ങൾ ഉന്നയിക്കുന്നതിൽ എന്തിനാണ് താൽപ്പര്യമെന്നും കോടതി ഹർജിക്കാരോട് ചോദിച്ചു.
2023 ഒക്ടോബറിൽ ഇസ്രയേൽ നഗരങ്ങളിൽ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായി ആരംഭിച്ച കര- വ്യോമ ആക്രമണങ്ങളില്‍ ആയിരക്കണക്കിന് ഗാസ നിവാസികളാണ് കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗാസയിലേക്കുള്ള സഹായങ്ങള്‍ ഇസ്രയേല്‍ ഉപരോധിച്ചതിനാല്‍ നിരവധി പേരാണ് പട്ടിണികിടന്ന മരിക്കുന്നത്.
അതേസമയം, കോടതി നിലപാടിനെ സിപിഐഎം അപലപിച്ചു. കോടതിയുടെ നിലപാടിൽ പ്രതിഷേധിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും സിപിഐഎം പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തു. രാഷ്‌ട്രീയ പാർട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഭരണഘടനാവ്യവസ്ഥകളോ രാജ്യത്തിന്റെ ചരിത്രമോ സ്വന്തം രാജ്യത്തിനായുള്ള പലസ്‌തീൻ ജനതയുടെ അവകാശത്തിന് ഇന്ത്യൻ ജനത നൽകുന്ന ഐക്യദാർഢ്യമോ കോടതിയുടെ ശ്രദ്ധയിൽവന്നിട്ടില്ലെന്ന് കരുതണം. കേന്ദ്രസർക്കാർ നിലപാടിനോട് രാഷ്‌ട്രീയപക്ഷപാതം പുലർത്തുന്ന വിധത്തിലാണെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറയുന്നു.