
ആൽബെർട്ടയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യ-കാനഡ ഉഭയകക്ഷി കൂടിക്കാഴ്ച, കഴിഞ്ഞ വർഷം ജസ്റ്റിൻ ട്രൂഡോ സർക്കാരിൻ്റെ കീഴിൽ വഷളായ ബന്ധങ്ങൾ വീണ്ടും ഊട്ടിയുറപ്പിക്കാമെന്ന പ്രതീക്ഷയാണ് ഇരു രാജ്യങ്ങൾക്കുമുള്ളത്.
ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുമെന്നും കാർണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ചർച്ചയിൽ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചെന്നും പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചതിന് കനേഡിയൻ നേതൃത്വത്തിന് നന്ദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.
ഭീകരതയ്‌ക്കെതിരായ ആഗോള നടപടി ശക്തിപ്പെടുത്താൻ നരേന്ദ്ര മോദി കാനഡയോട് ആവശ്യപ്പെട്ടു. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കേണ്ടതിൻ്റെ ആവശ്യകത മോദി അടിവരയിട്ട് വ്യക്തമാക്കിയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, പരസ്പര ബഹുമാനം, നിയമവാഴ്ച, പരമാധികാരം, അതാത് രാജ്യങ്ങളുടെ പ്രാദേശികമായ സമഗ്രത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചയാണ് ഇരു നേതാക്കളും ചർച്ച ചെയ്തതെന്ന് കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.