

ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി രാജ്യതലസ്ഥാനം. ലോക നേതാക്കള്‍ ഡല്‍ഹിയിലേക്ക് എത്തിത്തുടങ്ങി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പുലര്‍ച്ചെയെത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അതേസമയം, ബിംസ്റ്റെക് കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തുള്ള ബംഗ്ലദേശിനെ ക്ഷണിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി താരിഖ് റഹ്മാൻ എത്തിയേക്കില്ല. നാളെയും മറ്റന്നാളുമായാണ് ഉച്ചകോടി. ഗതാഗത നിയന്ത്രണം അടക്കം രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രിക്സ് ഉച്ചകോടിയിൽ ക്രിയാത്മകവും അർത്ഥവത്തായതുമായ ചർച്ചകൾ നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉച്ചകോടിക്കായി ലോകമെമ്പാടുമുള്ള നേതാക്കൾ ഒത്തുചേരും. ആഗോള ക്ഷേമം എന്ന പൊതുലക്ഷ്യത്തോടെ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നും മോദി വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇക്കുറി ഉച്ചകോടി നടക്കുന്നത്. റഷ്യ–യുക്രെയ്ൻ യുദ്ധം, ഹോർമുസ്, യുഎസിന്റെ തീരുവ വെല്ലുവിളി, ആഗോള വ്യാപാരം, ഊര്‍ജ സുരക്ഷ ഉള്‍പ്പെടെ വിഷയങ്ങൾ ചർച്ചയാകും. ഉച്ചകോടിക്കു ശേഷം ലോകനേതാക്കളുടെ സംയുക്ത പ്രസ്താവന ഉണ്ടാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഉച്ചകോടി ചര്‍ച്ചകള്‍ക്കു പുറമേയും കൂടിക്കാഴ്ചകള്‍ നടക്കും. ഇന്ന് റഷ്യന്‍ പ്രസിഡന്റ് പുടിനും പ്രധാനമന്ത്രി മോദിയും കൂടിക്കാഴ്ച നടത്തും. യുക്രെയ്ന്‍ സംഘര്‍ഷം ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ചയാകും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ശനിയാഴ്ചയെത്തും. ഏഴ് വര്‍ഷത്തിനുശേഷമാണ് ഷി ഇന്ത്യയിലെത്തുന്നത്. ശനിയാഴ്ച വൈകിട്ട് ആറരയോടെ ഷിയും മോദിയും കൂടിക്കാഴ്ച നടത്തും. സാമ്പത്തിക സഹകരണം, പ്രതിരോധ, വ്യാപാര മേഖലകളിലെ സഹകരണം, അതിർത്തി സംഘർഷം ഉള്‍പ്പെടെ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.