

ഡൽഹി: വനിതാഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ദേശീയ ഗുസ്‌തി ഫെഡറേഷൻ മുൻ ചെയർമാൻ ബ്രിജ് ഭൂഷണൻ ശരൺ സിങ്ങിനെ കുറ്റവിമുക്തനാക്കി. ഡൽഹി റൗസ് അവന്യൂ വിചാരണ കോടതിയാണ് ബ്രിജ് ഭൂഷണിനെ വെറുതെ വിട്ടത്. വനിതാ താരങ്ങൾക്ക് നേരെ ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്.
ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇവരുടെ പരാതിയുടെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. ബ്രിജ് ഭൂഷൺ കായികതാരങ്ങളോട് ലൈംഗികാതിക്രമം നടത്തിയെന്നും പ്രതിയെ ശിക്ഷിക്കണമെന്നും ഡൽഹി പൊലീസ് പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.
ലൈംഗികാതിക്രമം, ക്രിമിനൽ ഭീഷണി, പിന്തുടരൽ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ആറുതാരങ്ങള്‍ 15 തവണയെങ്കിലും ലൈംഗികാതിക്രമത്തിന് ഇരയായി. ഇത് ശരിവയ്‌ക്കുന്ന സാക്ഷിമൊഴികളും രേഖകളും പൊലീസ് സമർപ്പിച്ചു. അതേസമയം പ്രായപൂർത്തിയാകാത്ത താരം സമ്മർദത്തെതുടർന്ന് മൊഴി മാറ്റിയതോടെ ബ്രിജ് ഭൂഷണിനെതിരെയുള്ള പോക്‌സോ വകുപ്പ് ഒഴിവാക്കിയിരുന്നു.
2023-ൽ ബ്രിജ് ഭൂഷനെതിരെ നടന്ന പ്രതിഷേധം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങിയവർ ഡൽഹി ജന്തർ മന്തറിൽ മാസങ്ങളോളം സമരം ചെയ്തു. പുതിയ പാർലമെൻ്റ് മന്ദിരത്തിലേക്കുള്ള മാർച്ചിൽ ഗുസ്തി താരങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.