കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വിചിത്ര നീക്കവുമായി സർക്കാർ. 2011 മുതൽ അനുവദിച്ച ജാതി സർട്ടിഫിക്കറ്റുകൾ സർക്കാർ പുനഃപരിശോധിക്കും. സബ് ഡിവിഷണൽ ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി. കഴിഞ്ഞ 15 വർഷത്തിനിടെ നൽകിയ ഏകദേശം 1.69 കോടി സർട്ടിഫിക്കറ്റുകളാണ് പുനഃപരിശോധിക്കാൻ ഒരുങ്ങുന്നത്.
ബംഗാളിൽ നുഴഞ്ഞുകയറ്റത്തിന് തൃണമൂൽ കോൺഗ്രസ് അനുമതി നൽകിയിട്ടുണ്ടെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാതി സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കുന്നത്. പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയാൽ കർശന നടപടിയിലേക്ക് കടക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. എസ്ഐആറിൻ്റെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത വ്യക്തികൾക്ക് നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ 15 വർഷത്തിനിടെ നൽകിയ ഏകദേശം 1.69 കോടി ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച നിർദേശത്തിൽ പറയുന്നത്. ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച്, സർട്ടിഫിക്കറ്റുകളിൽ ഏകദേശം ഒരു കോടി പട്ടികജാതി (എസ്‌സി) സർട്ടിഫിക്കറ്റുകളും 21 ലക്ഷം പട്ടികവർഗ (എസ്‌ടി) സർട്ടിഫിക്കറ്റുകളുമാണ് ഉൾപ്പെടുന്നത്. സംസ്ഥാനത്തുടനീളം നടത്തിയ ദുവാരെ സർക്കാർ ക്യാംപുകളുടെ പത്ത് ഘട്ടങ്ങളിലൂടെ ഏകദേശം 47.8 ലക്ഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതായാണ് അധികൃതർ പറയുന്നത്.