പാട്ന: നായ്ക്കൾക്കും വാഹനത്തിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ശേഷം ബീഹാറിൽ റസിഡന്റ്സ് സർട്ടിഫിക്കറ്റിന് അപേക്ഷിച്ച് പൂച്ചയും. റോഹ്താസ് ജില്ലയിലെ അധികാരികൾക്കാണ് ഇത്തവണ അപേക്ഷ ലഭിച്ചത്. ജില്ലയിലെ നസ്രിഗഞ്ച് ബ്ലോക്കിലെ ഒരാളാണ് അപേക്ഷക്കാരൻ. ക്യാറ്റ് കുമാർ എന്ന പേരിൽ ഓൺലൈനായാണ് അപേക്ഷ നൽകിയിരിക്കുന്നത്.
വില്ലേജ് അതിമിഗഞ്ച്, വാർഡ് 07, പോസ്റ്റ് മഹാദേവ, പൊലീസ് സ്റ്റേഷൻ നസ്രിഗഞ്ച്, പിൻ 821310 എന്ന വിലാസത്തോടുകൂടിയാണ് അപേക്ഷ. മാതാപിതാക്കളുടെ പേരുകൾ 'കാറ്റി ബോസ്' എന്നും 'കാറ്റിയ ദേവി' എന്നും രേഖപ്പെടുത്തിയ അപേക്ഷയിൽ ഒരു പൂച്ചയുടെ ഫോട്ടോയും പതിച്ചിട്ടുണ്ട്. ജൂലൈ 29 ന് ലഭിച്ച അപേക്ഷയിൽ നസ്രിഗഞ്ച് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റ് ഉദിത സിങ്ങിന്റെ നിർദ്ദേശപ്രകാരമാണ് എഫ്ഐആറിട്ടത്.
ഇത്തരത്തിലുള്ള തെറ്റായ പ്രവണതകൾ ജോലിയെ തടസപ്പെടുത്തുമെന്നും വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗത്തിന് കാരണമാവുകയും ചെയ്യുമെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. അപേക്ഷയിലുള്ള മൊബൈൽ നമ്പറിന്റെയും ഇമെയിൽ വിലാസത്തിന്റെയും സഹായത്തോടെ ഉപയോക്താവിനെ കണ്ടെത്തും.സാങ്കേതിക വിദഗ്ധർ ഐപി വിലാസം വഴി അയാളെ കണ്ടെത്തുമെന്നും ജില്ലാ മജിസ്ട്രേറ്റ് ഉദിത സിങ് വ്യക്തമാക്കി.
ജൂൺ 24 ന് തെരഞ്ഞെടുപ്പ് കമീഷൻ ബിഹാറിൽ സംസ്ഥാനവ്യാപകമായി വോട്ടർ പട്ടിക പരിഷ്കരണം ആരംഭിച്ചതിനുശേഷം റിപ്പോർട്ട് ചെയ്ത അഞ്ചാമത്തെ സംഭവമാണിത്. നേരത്തെ പട്ന, നവാഡ എന്നിവിടങ്ങളിൽ നിന്നും 'ഡോഗ് ബാബു', 'ഡോഗേഷ് ബാബു' എന്നീ പേരുകളിൽ അപേക്ഷകൾ വന്നിരുന്നു. സമസ്തിപൂരിൽ നിന്നും 'ഡൊണാൾഡ് ട്രംപിന്' വേണ്ടിയും റസിഡന്റ് അപേക്ഷ ലഭിച്ചിരുന്നു. ട്രംപിൻ്റെ യഥാർഥ മാതാപിതാക്കളുടെ പേരുകൾ അടങ്ങിയ ഒരു അപേക്ഷയാണ് വന്നത്.